കണ്ണാറ. പീച്ചിഡാം റോഡരികിൽ കണ്ണാറ പാലത്തിന് സമീപം ടാർ മിക്‌സിങ് യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിന് എതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. നിലവിൽ പീച്ചിഡാം റോഡിന്റെ ടാറിങുമായി ബന്ധപ്പെട്ടാണ് യൂണിറ്റ് പ്രവർത്തിപ്പിക്കുന്നത് എങ്കിലും ഇത് പ്രദേശത്തെ പതിവ് കാഴ്ചയാണെന്ന് പ്രദേശവാസിയായ എം.കെ ഷൺമുഖദാസ് പറഞ്ഞു. പാണഞ്ചേരി പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ടാറിങ് പണികൾക്കായി മിക്‌സിങ് യൂണിറ്റ് സ്ഥിരമായി പ്രവർത്തിപ്പിക്കുന്നത് കണ്ണാറ പാലത്തിന് സമീപത്താണ്. പീച്ചി ഭാഗത്തേക്കുള്ള പാലം അവസാനിക്കുന്നിടത്താണ് യാത്രക്കാരെ ദുരിതത്തിലാക്കുന്ന വിധത്തിൽ ഇവ പ്രവർത്തിപ്പിക്കുന്നത്. അനേകം വിനോദ സഞ്ചാരികളും, സ്‌കൂൾ
വിദ്യാർത്ഥികളും, ജോലിക്കാരും ഇതിലൂടെ യാത്രചെയ്യുന്നുണ്ട്. കണ്ണാറയിലും കമ്പനിപ്പടിയിലും പ്രവർത്തിക്കുന്ന സ്‌കൂളുകളിലേക്കുള്ള വിദ്യാർത്ഥികൾ നടന്നു പോകുന്നതും ഇതിലൂടെയാണ്. അതുകൊണ്ടുതന്നെ മിക്‌സിങ് യൂണിറ്റ് പ്രവർത്തിപ്പിക്കുമ്പോൾ ഇതിൽ നിന്നും ഉയരുന്ന പൊടി ശല്യം മൂലം ആളുകൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
പാലം കഴിയുന്നതോടെ റോഡ് പെട്ടെന്ന് അവസാനിക്കുന്ന ഭാഗം ആയതിനാൽ ഏറെ അപകടസാധ്യത നിറഞ്ഞ പ്രദേശം കൂടിയാണിത്. ഇതൊടൊപ്പം കാഴ്ചമറക്കുന്ന രീതിയിൽ പൊടിശല്യം ഉണ്ടാകുന്നത് ഇരുചക്രവാഹന യാത്രക്കാർക്ക് ഏറെ ഭീഷണിയുമാണ്. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കരാർ എടുക്കുന്നവർ മിക്‌സിങ് യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിനായി ജനസഞ്ചാരം കുറവുള്ള മറ്റേതെങ്കിലും സ്ഥലം തിരഞ്ഞെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അധികൃതർ ഇതിനൊരു പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
0 Comments