പെൻഷൻ കാര്യത്തിൽ മാത്രമാണ് സർക്കാരിന് സാമ്പത്തിക ഞെരുക്കമെന്ന് കെ.എസ്.എസ്.പി.യു


പട്ടിക്കാട്. സർക്കാരിന്റെ സാമ്പത്തിക ഞെരുക്കം പെൻഷൻ കാര്യത്തിൽ മാത്രമാണെന്ന് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ബ്ലോക്ക് സെക്രട്ടറി സി.സി രാമകൃഷ്ണൻ പറഞ്ഞു. പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ യൂണിയന്റെ മുപ്പതാം വാർഷിക സമ്മേളനം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിത കാലങ്ങളിൽ യഥാർത്ഥ സഹായം നൽകിയത് പെൻഷൻകാർ ആണെന്നും നിലവിലെ ജീവനക്കാർ നൽകിയ സാമ്പത്തിക സഹായങ്ങൾ ശമ്പളയിനത്തിൽ തിരികെ വാങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു. പിഎഫ്ആർഡിഎ നിയമം റദ്ദാക്കുക, കരാർ നിയമനങ്ങൾക്ക് പകരം സ്ഥിര നിയമനം നൽകുക, പങ്കാളിത്ത പെൻഷന് പകരം സ്റ്റാറ്റിയൂട്ടറി പെൻഷൻ നടപ്പിലാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ.കെ ജോൺ അധ്യക്ഷത വഹിച്ച പരിപാടിയിൽ സംഘടനാ സെക്രട്ടറി എൻ.കെ സഹദേവൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എ.പി മത്തായി, സംഘടനാ നേതാക്കളായ മുല്ലപ്പള്ളി ശ്രീധരൻ, കെ.വി നടരാജൻ, കുഞ്ഞപ്പൻ കെ.ഇ, കെ ഗോപിനാഥ മേനോൻ  എന്നിവർ സംസാരിച്ചു. മുൻ ഭരണ സമിതി തന്നെ തുടരാനും യോഗത്തിൽ തീരുമാനമായി.



Post a Comment

0 Comments