വാണിയമ്പാറ. സെപ്റ്റിക് ടാങ്കില്ലാതെ കക്കൂസ് നിർമ്മിക്കാം എന്ന് കണ്ടെത്തിയിരിക്കുകയാണ് വാണിയമ്പാറ കുടുംബാരോഗ്യ കേന്ദ്രം. പാണഞ്ചേരി പഞ്ചായത്തിലെ വാണിയമ്പാറ കുടുംബാരോഗ്യ കേന്ദ്രത്തോട് ചേർന്നാണ് ഈ വിചിത്രമായ ശൗചാലയം ഉള്ളത്. പുറത്തു നിന്നുള്ളവർക്കും ഉപയോഗിക്കാവുന്ന നിലയിലാണ് ടോയ്‌ലറ്റിന്റെ ക്രമീകരണം. എന്നാൽ ടോയ്‌ലറ്റ് നിർമ്മിക്കുമ്പോൾ നിർബന്ധമായും ഉണ്ടാകേണ്ട സെപ്റ്റ്ക് ടാങ്ക് ഇതുവരെ ഇവിടെ സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് വർഷമായി ഇത് തുടരുകയാണ്. ഇതോടെ മനുഷ്യ വിസർജ്യം കൊണ്ട് ആശുപത്രി പരിസരം മലിനമാക്കാൻ അവസരമുണ്ടാക്കുകയാണ് ആശുപത്രി അധികൃതർ. ആശുപത്രി കെട്ടിടത്തിനകത്ത് വേറെ ടോയ്‌ലറ്റ് ഉണ്ടെന്നാണ് വിശദീകരണം. എങ്കിൽ പുറത്ത് എന്തിന് ഇങ്ങനെ ഒരു ടോയ്‌ലറ്റ് നിർമ്മിച്ചു എന്ന
ചോദ്യത്തിന് ഉത്തരമില്ല. വാണിയമ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിന്റെ ഉദ്ഘാടന വേളയിൽ 14 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ് എന്ന് പ്രഖ്യപിച്ചിരുന്നു. അതിന്റെ ബാക്കിപത്രമാണ് ഇപ്പോൾ ടാങ്കില്ലത്ത കക്കൂസായി തുറന്നു കിടക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കാൻ സർക്കാർ നടപ്പാക്കുന്ന ഓരോ വഴികൾ മാത്രമാണ് ഇതെന്ന് നാട്ടുകാർ ആരോപിക്കുന്നു. വാണിയമ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് നാട്ടുകാർക്ക് നിരവധി പരാതികളുണ്ട്. ആശുപത്രി വികസനത്തിനെന്ന പേരിൽ പല ഫണ്ടുകളും ലഭിക്കുന്നുമുണ്ട്. എന്നാൽ ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആവിഷ്‌ക്കരിക്കുകയോ ഫണ്ടുകൾ വിനിയോഗിക്കുകയോ ചെയ്യുന്നില്ല. ദേശീയപാതയിൽ നിർണ്ണായക സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആരോഗ്യ കേന്ദ്രം എന്ന നിലയിൽ ഒട്ടേറെ സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തേണ്ടതുണ്ട്. ഹൈവേയിലുണ്ടാകുന്ന അപകടങ്ങളിൽ ഏറ്റവും എളുപ്പത്തിൽ എത്തിക്കാവുന്ന സ്ഥലമായിട്ടും അടിയന്തര ശുശ്രൂഷ നൽകാനുള്ള സൗകര്യങ്ങൾ ഇവിടെയില്ല. ഫണ്ടുകൾ കിട്ടുന്നതിനനസരിച്ച് ആസൂത്രണമില്ലാതെ നിർമ്മിക്കുന്ന കെട്ടിടങ്ങൾ ആശുപതിയുടെ ഉള്ള സൗകര്യം കൂടി ഇല്ലാതാക്കുകയാണ്. ആരോഗ്യ വകുപ്പ് മന്ത്രിയും ബന്ധപ്പെട്ട അധികൃതരും ഇക്കാര്യങ്ങളിൽ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
0 Comments