വിലങ്ങന്നൂർ. മലയോര ഹൈവേ കടന്നുപോകുന്ന ഭാഗങ്ങളിൽ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആലോചനായോഗം വിലങ്ങന്നൂരിൽ ചേർന്നു. ദർശന ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ രവി ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവിന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ 14, 15 വാർഡുകളിലെ സ്ഥലം ഏറ്റെടുക്കുന്ന വിഷയങ്ങളാണ് ചർച്ച ചെയ്തത്. പതിനാലാം വാർഡിൽ 62 ഓളം ഉടമകൾക്കും പതിനഞ്ചാം വാർഡിൾ 52 ഓളം ഉടമകൾക്കുമാണ് സ്ഥലം നഷ്ടപ്പെടുക എന്ന് വാർഡ് മെമ്പർമാർ പറഞ്ഞു. എക്‌സിക്യൂട്ടിവ് എൻജിനീയർ മക്‌സൺ മാത്യുവിന്റെ നേതൃത്വത്തിൽ സ്ഥലം അളക്കുന്ന നടപടികൾ പൂർത്തിയാക്കിയിരുന്നു. മലയോര ഹൈവേ തൃശൂർ ജില്ലയിലെ ആദ്യ റീച്ച് പട്ടിക്കാട് വിലങ്ങന്നൂർ 5.3 കിലോമീറ്ററും, രണ്ടാമത്തെ റീച്ച് വിലങ്ങന്നൂർ മുതൽ വെള്ളിക്കുളങ്ങര വരെ 30.925 കിലോമീറ്ററും ആണ്. ഇതിൽ രണ്ടാമത്തെ റീച്ച് വിലങ്ങന്നൂർ ജംഗ്ഷനിൽ നിന്നാരംഭിച്ചു മാന്ദാമംഗലം മരോട്ടിച്ചാൽ, പുളിഞ്ചോട് കവല, കള്ളായി, പുലിക്കണ്ണി, പാലപ്പിള്ളി, കുരുകുളം, ചൊക്കന, നായാട്ടുകുണ്ട് വഴി വെള്ളിക്കുളങ്ങര ജംഗ്ഷനിൽ അവസാനിക്കും. ഈ ഭാഗത്താണ് ഭൂമി ഏറ്റെടുക്കേണ്ടത്. വിലങ്ങന്നൂർ മുതൽ പുളിഞ്ചോട് കവല വരെയുള്ള ഏകദേശം 10.925 കിലോമീറ്റർ ദൂരം ഒല്ലൂർ നിയോജക മണ്ഡലത്തിലും ബാക്കി 20 കിലോമീറ്റർ ദൂരം പുതുക്കാട് മണ്ഡലത്തിലുമാണ്. ഈ പ്രവർത്തികൾക്കായ് 136.49 കോടി രൂപയ്ക്കുള്ള സാമ്പത്തികാനുമതി ലഭ്യമായിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു, ബ്ലോക്ക് മെമ്പർ മിനി സാബു, വാർഡ് മെമ്പർമാരായ ഷൈജു കുര്യൻ, അജിത മോഹൻദാസ്, ബാബു തോമസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഉണ്ണികൃഷ്ണൻ, ജോർജ്ജ് പൊടിപ്പാറ തുടങ്ങിയവർ പങ്കെടുത്തു.
0 Comments