ലതാ മങ്കേഷ്‌കർ ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അടയാളമെന്ന് റവന്യൂ മന്ത്രി കെ രാജൻ


തൃശൂർ. ലതാ മങ്കേഷ്‌കർ ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അടയാളമാണെന്നും  ലോകത്തിലെ ഒമ്പതാമത്തെ അത്ഭുതമാണ്  ലതാജിയെന്നും  റവന്യൂ മന്ത്രി കെ രാജൻ. മനസ്സിൽ നിറഞ്ഞ് ഒഴുകുന്ന സംഗീത സാഗരമാണ് ലതാ മങ്കേഷ്‌കറിന്റെ  ഗാനങ്ങൾ. മരണം യുഗത്തിന്റെ അവസാനമാണെങ്കിലും  ജനഹൃദയങ്ങളിൽ ലതാ മങ്കേഷ്‌കർ ജീവിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ആസാദി കാ അമ്യത് മഹോത്സവിന്റെ ഭാഗമായി തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച ലതാ മങ്കേഷ്‌കർ സ്മരണാഞ്ജലിയായ സത്യം ശിവം സുന്ദരം സംഗീത സന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ ഇൻഫർമേഷൻ ഓഫീസ്  തയ്യാറാക്കിയ തൃശൂർ ജില്ലയുടെ വികസന വീഡിയോ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു. കലാകാരന്മാർ ഈ ഭൂഗോളത്തിൽ എന്നും നിറഞ്ഞ് നിൽക്കുമെന്നും ലതാ മങ്കേഷ്‌കർ മനസ്സിൽ എന്നും മായാത്ത അടയാളമായും ഓർമ്മയായും നിലനിൽക്കുമെന്ന് ലതാ മങ്കേഷ്‌കറുടെ വരികൾ വേദിയിൽ പാടിക്കൊണ്ട് ജില്ലാ കലക്ടർ ഹരിത വി കുമാർ അനുസ്മരിച്ചു. തൃശൂർ സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് സ്മാരക ഹാളിൽ  സംഘടിപ്പിച്ച സ്മരണാഞ്ജലിയിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ അധ്യക്ഷയായി. ചലച്ചിത്ര നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ, ജില്ല ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം തുടങ്ങിയവർ സംസാരിച്ചു . ഗായകരായ റീനാ മുരളി, ജ്ഞാനശേഖർ, പ്രമീള ദാസ്, നിരൻജോയ്, സലിൽ ടി, റൂഷേൽ റോയ്, സംയുക്ത സുരേഷ്, മീര രവീന്ദ്രൻ എന്നിവർ ലതാ മങ്കേഷ്‌ക്കർ അനശ്വരമാക്കിയ ഗാനങ്ങൾ ആലപിച്ചു.  ജയരാജ് വാര്യർ സംഗീത സന്ധ്യയ്ക്ക് നേതൃത്വം നൽകി.



Post a Comment

0 Comments