പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിലെ ടോൾപിരിവ് ആരംഭിക്കുന്നു. പന്നിയങ്കരയിലെ ടോൾപ്ലാസയിൽ ബുധനാഴ്ച പുലർച്ചെ മുതലാണ് ടോൾ പിരിവ് ആരംഭിക്കുക. ഇതുമായി ബന്ധപ്പെട്ട് നാഷണൽ ഹൈവേ അതോറിറ്റി കരാർ കമ്പനിക്ക് അനുമതി നൽകി. ദേശീയപാതയുടെ 90% പണികൾ പൂർത്തീകരിച്ചാൽ ടോൾ പിരിക്കാം എന്നാണ് നാഷണൽ ഹൈവേ അതോറിറ്റിയും നിർമാണ കമ്പനിയും തമ്മിലുള്ള കരാറനുസരിച്ചുള്ള നിബന്ധന. എന്നാൽ പട്ടിക്കാട് മേൽപ്പാതയുടെ നിർമ്മാണം, തമ്പുരാട്ടിപ്പടി ഉൾപ്പെടെയുള്ള സർവ്വീസ് റോഡുകൾ എന്നിവ പൂർത്തിയാക്കേണ്ടതുണ്ട്. തമ്പുരാട്ടിപ്പടിയിൽ സർവ്വീസ് റോഡിനായുള്ള പാറപൊട്ടിക്കൽ നടക്കുന്നതേയുള്ളു. കൂടാതെ ബസ് സ്‌റ്റോപ്പുകൾ, സിഗ്‌നൽ ലൈറ്റുകൾ, മറ്റു സുരക്ഷാ സംവിധാനങ്ങൾ എന്നിവ പലയിടത്തും പൂർത്തിയായിട്ടില്ല. എന്നാൽ ഇവയൊന്നും
കരാറുമായി ബന്ധമുള്ളതല്ല എന്നും ചേഞ്ച് ഓഫ് വർക്കസിൽ പുതിയതായി ഉൾപ്പെടുത്തിയതാണെന്നും അതുകൊണ്ടുതന്നെ ടോൾ പിരിക്കുന്നതിന് പ്രശ്‌നമില്ലെന്നും കരാർ കമ്പനി വാദിക്കുന്നു. പണികൾ പൂർത്തീകരിക്കാതെ ടോൾ പിരിക്കാൻ അനുവദിക്കില്ല എന്ന് റവന്യൂ മന്ത്രി കെ രാജനും, തൃശൂർ എംപി ടി.എൻ പ്രതാപനും, സന്നദ്ധ സംഘടനകളും പലതവണ അറിയിച്ചിട്ടുള്ളതാണ്. ഈ സാഹചര്യം നിലനിൽക്കെ ജനപ്രതിനിധികളുമായി ചർച്ചകൾ നടത്താതെയാണ് കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും ടോൾ പിരിക്കുവാൻ തീരുമാനിച്ചിട്ടുള്ളത്. ഒരു കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് സൗജന്യപാസ് അനുവദിക്കണമെന്ന ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആവശ്യം ടോൾ പിരിവ് കേന്ദ്രം അംഗീകരിച്ചില്ല. ദേശീയപാതയുടെ വിവിധ ഭാഗങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗതയിൽ നടക്കുന്നുണ്ടെങ്കിലും പണികൾ പൂർത്തീകരിക്കാതെ ടോൾ പിരിക്കുന്നതിൽ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാർ.
0 Comments