കാൽനട യാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്ത് സണ്ണി ചെന്നിക്കര സംസാരിക്കുന്നു
പട്ടിക്കാട്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി പൊതുമേഖലാ സ്ഥാപനങ്ങളെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുകയാണ് മോദി സർക്കാർ എന്ന് കേരള കർഷക സംഘം ഏരിയ സെക്രട്ടറി സണ്ണി ചെന്നിക്കര പറഞ്ഞു. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കർഷക സംഘം പാണഞ്ചേരി മേഖലാ കമ്മിറ്റി നടത്തിയ കാൽനട യാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്ത്് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസി ന്റെ നയമാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്. കേന്ദ്രസർക്കാർ ഭരണത്തിൻകീഴിൽ തൊഴിൽമേഖല തകർന്നടിഞ്ഞു എന്നും സണ്ണി ചെന്നിക്കര ആരോപിച്ചു. ഇന്ന് കാലത്ത് താണിപ്പാടം സെന്ററിൽ സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു കാൽനടയാത്ര ഉദ്ഘാടനം ചെയ്തു. കേരള കർഷക സംഘം പാണഞ്ചേരി മേഖല സെക്രട്ടറി വിൽസൺ ചെമ്പനാൽ ആണ് ജാഥാ ക്യാപ്റ്റൻ. പട്ടിക്കാട് സെന്ററിൽ വെച്ചു നടന്ന സമാപന യോഗത്തിൽ കർഷക സംഘം മേഖല പ്രസിഡണ്ട് പി.വി സുദേവൻ, കേരള കർഷകസംഘം ഏരിയ കമ്മിറ്റി അംഗം ലത കൃഷ്ണൻ കുട്ടി, സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം പി.ജെ അജി തുടങ്ങിയവരും പ്രസംഗിച്ചു.


0 Comments