നാല് പതീറ്റാണ്ട് കാലത്തെ സ്വപ്‌ന സാക്ഷാത്കാരം: തെക്കേക്കുളം ശാന്തിനഗർ ജണ്ടമുക്ക് റോഡ് നാടിനു സമർപ്പിച്ചു


പീച്ചി. തെക്കെക്കുളം നിവാസികളുടെ നാല് പതീറ്റാണ്ട് കാലത്തെ സ്വപ്‌ന സാക്ഷാത്കാരമായി ശാന്തിനഗർ ജണ്ടമുക്ക് റോഡ് നാടിനു സമർപ്പിച്ചു. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം ബാബു തോമസ് അധ്യക്ഷത വഹിച്ചു. നടവഴി മാത്രമായിരുന്ന റോഡ് ചില വർഷങ്ങൾക്ക് മുൻപ് വീതി കൂട്ടി മൺറോഡാക്കി പണിതിരുന്നു. പ്രദേശത്തെ പാറേത്തുണ്ടത്തിൽ കുടുംബത്തിന്റെ സ്ഥലം വിട്ടുകിട്ടിയതോടെയാണ് അന്ന് പണികൾ പൂർത്തിയാക്കാൻ സാധിച്ചത്. പിന്നീട് പത്ത് വർഷക്കാലം നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല.
 

ഇതോടെ റോഡ് കാടുകയറി സഞ്ചാരയോഗ്യമല്ലാതായി. പീച്ചിയിൽ നിന്നും ജണ്ടമുക്ക് ഭാഗത്തേക്ക് ഏറ്റവും എളുപ്പമുള്ളതും പഴക്കം ചെന്നതുമായ റോഡിന്റെ ടാറിങ് പൂർത്തിയാക്കണം എന്ന നാട്ടുകാരുടെ ആഗ്രഹം സഫലമാക്കാൻ നിലവിലെ വാർഡ് മെമ്പർ ബാബു തോമസ് മുന്നിട്ടിറങ്ങുകയായിരുന്നു. റോഡിന്റെ വീതി 11 മീറ്റർ ആയി വർധിപ്പിച്ച് തനിക്ക് ലഭിച്ച ആദ്യഫണ്ട് ഉപയോഗിച്ച് ടാറിങ് പൂർത്തിയാക്കി. 210 മീറ്റർ നീളത്തലുള്ള റോഡിന്റെ നിർമ്മാണത്തിനായി 7,40,000 രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.  വഴി വിളക്കുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എത്രയും വേഗം ഒരുക്കാനുള്ള ശ്രമത്തിലാണ് വാർഡ് മെമ്പർ. റോഡിനു വേണ്ടി സ്ഥലം വിട്ടുനൽകിയ കുടുംബത്തിന്റെ പ്രതിനിധിയായി പി.എം പുഷ്പകുമാരി, റോഡ് നിർമാണത്തിന് തുടക്കം കുറിച്ച മുൻ പഞ്ചായത്ത് അംഗം ലീലാമ്മ തോമസ്, പഞ്ചായത്ത് അംഗങ്ങളായ  ഷൈജു കുര്യൻ, സുശീല രാജൻ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments