പട്ടിക്കാട്. ദേശീയപാത താണിപ്പാടം പത്താം കല്ലിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ കാർ ഇടിച്ച് അപകടം. ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം ഭാഗികമായി തകർന്നു. തമിഴ്‌നാട്ടിൽ നിന്നും സിമന്റ് കയറ്റവന്ന ലോറി തകരാറിൽ ആയതിനെ തുടർന്ന് ദേശീയപാതയോരത്ത് നിർത്തിയിടുകയായിരുന്നു. എന്നാൽ വാഹനത്തിന്റെ പാർക്ക് ലൈറ്റ് ഓൺചെയ്തിടുകയോ റിഫ്‌ലക്ടർ മീഡിയനുകൾ ഉപയോഗിച്ച് അപകടസൂചന നൽകുകയോ ചെയ്തിരുന്നില്ല. ലോറി നിർത്തിയിട്ടിരുന്നത്
വളവുള്ള ഭാഗത്ത് ആയിരുന്നതിനാൽ കാർ െ്രെഡവറുടെ ശ്രദ്ധയിൽ പെട്ടതുമില്ല. ഇതാണ് അപകടത്തിന് വഴിയൊരുക്കിയത്. തമിഴ്‌നാട്ടിൽ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. ദേശീയപാതയിലെ അശാസ്ത്രീയ പാർക്കിങ് നിത്യസംഭവമാണ്. നിരവധി അപകടങ്ങളും അപകട മരണങ്ങളും ഇതുമൂലം സംഭവിച്ചിട്ടുണ്ട്. വഴുക്കുംപാറ മുതൽ പട്ടിക്കാട് വരെയുള്ള ഭാഗങ്ങളിൽ നിരവധി വാഹനങ്ങളാണ് രാത്രി സമയത്ത് ദേശീയപാതയോരത്ത് നിർത്തിയിടുന്നത്. പാർക്ക് ലൈറ്റുകൾ പ്രവർത്തിപ്പിക്കുകയോ, അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ ഉപയോഗിക്കുകയോ ചെയ്യാറില്ല. ഇത്തരം വാഹനങ്ങൾക്കെതിരെ പോലീസ് അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയും നാട്ടുകാർക്കുണ്ട്.



0 Comments