പട്ടിക്കാട്. ദേശീയപാതയിൽ ജീവനുകൾ പൊലിയുന്നതും അപകടങ്ങൾ സംഭവിക്കുന്നതും പതിവായിട്ടും ഒരു നടപടിക്കും തയ്യാറാകാതെ അധികൃതർ. പലയിടത്തും കുഴികളും സ്ലാബില്ലാത്ത കാനകളും പണിത് ആളുകൾ വീഴുന്നത് കാത്തിരിക്കുകയാണ് ഇവർ. ടോൾ എന്ന പേരിൽ സാധാരണക്കാരന്റെ പൈസ വാങ്ങി പോക്കറ്റിൽ ഇടാൻ തുടങ്ങിയിട്ടും ദേശീയപാതയിൽ വേണ്ടത്ര സുരക്ഷ ഒരുക്കാൻ ഇവർ തയ്യാറാകുന്നില്ല. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ രാത്രി ചെമ്പൂത്രയിൽ നടന്ന അപകടങ്ങൾ. ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായി അപകടം നടന്ന സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകനും സമീപത്തെ കുഴിയിൽ വീണ് കാലിന് പരിക്കേറ്റു. പ്രൈം ന്യൂസ് എഡിറ്റർ വിത്സൻ ചാക്കോ ആണ് അപകടത്തിൽപ്പെട്ട് കാലിന് സാരമായ പരിക്കേറ്റത്. അയേൺ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കാൻ എടുത്ത കുഴിയിൽ വീണാണ് അപകടം. മൂന്ന് അടിയോളം താഴ്ചയുള്ള കുഴികളാണിവ. ദേശീയപാതയിൽ പ്രധാന പാതക്കും സർവ്വീസ് റോഡിനും ഇടയിൽ ഇതുപോലുള്ള നൂറോളം കുഴികൾ ആണുള്ളത്. ഒരുമാസത്തിൽ ഏറെയായി ഇത്തരത്തിൽ കുഴികൾ കുഴിച്ച് ആളുകൾ വീഴുന്നതും കാത്തിരിക്കാൻ തുടങ്ങിയിട്ട്. ഇതൊന്നും കണ്ടിട്ടും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്കോ നിയമപാലകർക്കോ ഒരു കുലുക്കവും ഇല്ല. ആറുവരി പാതയിൽ കുറുകെ കടക്കുന്നതിന് വഴികൾ ഒരുക്കി വെച്ചിട്ട് വേണ്ടത്ര സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതാണ് മറ്റൊരു കെണി. മുടിക്കോട് പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ പോലും വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകൾ ഇല്ല. പല സ്ഥലങ്ങളിലും കാനകൾക്ക് മുകളിൽ സ്ലാബുകൾ ഇല്ല. ദേശീയപാതയെ കുരുതിക്കളമാക്കാൻ കാത്തിരിക്കുന്നവരുടെ കെണികൾ ആണ് ഇവയൊക്കെ. ഇവയൊന്നും പൂർത്തിയാക്കാതെയാണ് ടോൾ പിരിക്കാൻ നിർമ്മാണ കമ്പനി തിരക്ക് കൂട്ടിയത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെയുള്ള ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സർക്കാർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
.jpeg)

0 Comments