ചെമ്പൂത്രയിൽ വീണ്ടും അപകടം; ബസുകൾ കൂട്ടിയിടിച്ചത് ഇന്നലെ അപകടം നടന്നിടത്ത്


പട്ടിക്കാട്. ചെമ്പൂത്രയിൽ ഇന്നലെ രാത്രി ബൈക്കപകടം നടന്നിടത്ത് വീണ്ടും അപകടം. രാവിലെ പതിനൊന്ന് മണിയോടെയാണ് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. ബസുകൾക്ക് മുന്നിൽ തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരൻ പെട്ടെന്ന് ദേശീയപാത കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇതേ ദിശയിൽ ബൈക്കിന് പുറകിൽ വന്ന ബസുകൾ പെട്ടെന്ന് നിർത്താൻ ശ്രമിച്ചെങ്കിലും അപകടം സംഭവിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. പീച്ചിഡാം റൂട്ടിൽ ഓടുന്ന കിസാൻ ബസിന് പുറകിൽ പാലക്കാട് റൂട്ടിൽ ഓടുന്ന മേക്കാട്ടിൽ ബസ് ആണ് ഇടിച്ചിട്ടുള്ളത്. ഇടിയുടെ ആഘാതത്തിൽ മേക്കാട്ടിൽ ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണ്ണമായും തകർന്നു. ദേശീയപാതയിൽ ഇത്തരത്തിലുള്ള ക്രോസിങ്ങുകളിൽ ചെറുവാഹനങ്ങൾ പെട്ടെന്ന് കുറുകെ കടക്കുന്നത് പതിവാണെന്നും കുറ്റക്കാരാകുന്നത് വലിയ വാഹനങ്ങളാണെന്നും അപകടത്തിൽ പെട്ട ബസിന്റെ ഡ്രൈവർ പറഞ്ഞു. നിലവിൽ ബസ് സർവ്വീസുകൾ നഷ്ടത്തിലാണെന്നും ഇതിനിടെ ഇത്തരം അപകടങ്ങൾ ബസ് ഉടമകൾക്ക് വലിയ നഷ്ടങ്ങളാണ് വരുത്തി വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതയിൽ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ നടപ്പാക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

0 Comments