പീച്ചിഡാം റോഡിൽ തെരുവ് നായ് ശല്യം രൂക്ഷം; ഭീതിയോടെ വഴിയാത്രക്കാർ


പട്ടിക്കാട്. പീച്ചിഡാം റോഡിൽ തെരുവ് നായ് ശല്യം രൂക്ഷമായി. രാവിലെ മുതൽ രാത്രിവരെ വഴിയാത്രക്കാർക്ക് ഭീഷണിയായി തെരുവ് നായ്ക്കൾ റോഡിലൂടെ അലയുകയാണ്. ഇന്ന് പുലർച്ചെ ആൽപ്പാറയിൽ വെച്ച് ഇരുചക്രവാഹനത്തിന് മുന്നിലേക്ക് നായ്ക്കൾ ഓടി അടുത്തെങ്കിലും കണ്ണാറ സ്വദേശികളായ യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. പലപ്പോഴും വാഹനങ്ങൾക്ക് മുന്നിലേക്ക് കുരച്ചുകൊണ്ട് നായ്ക്കൾ അടുക്കുന്നതോടെ ഭയന്ന് വാഹനം വേഗതയിൽ ഓടിച്ച് പോകേണ്ട അവസ്ഥയാണ് ഇരുചക്ര വാഹനയാത്രക്കാർ ഉൾപ്പെടെ ഉള്ളവർക്ക്. ഇടപ്പലത്തും ആൽപ്പാറയിലും നായ്ക്കൾ കുറുകെ ചാടി വാഹനയാത്രക്കാർക്ക് അപകടം സംഭവിച്ചിരുന്നു. മാത്രമല്ല സ്‌കൂൾ വിദ്യാർത്ഥികൾ നടന്നും സൈക്കിളിലും ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. ഇവർക്കും ഭീഷണിയാണ് അലഞ്ഞ് നടക്കുന്ന നായ്ക്കൾ. തൃശൂർ വടക്കേക്കാട് സ്‌കൂൾ വിദ്യാർത്ഥി അടക്കം ആറ് പേരെയാണ് ഇന്നലെ തെരുവുനായ്ക്കൾ കടിച്ചത്. ഇത് നമ്മുടെ പഞ്ചായത്തിലും സംഭവിക്കാം. പലതവണ പരാതി നൽകിയിട്ടും പഞ്ചായത്ത് അധികൃതർ ഇതിനൊരു പരിഹാരം കാണാൻ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. അപകടങ്ങൾ സംഭവിച്ചിട്ട് നടപടിയെടുക്കുന്ന നാട്ടുനടപ്പ് ഇക്കാര്യത്തിലും സംഭവിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.



Post a Comment

0 Comments