പട്ടിക്കാട്. ദേശീയപാത ചെമ്പൂത്ര സർവ്വീസ് റോഡിനോട് ചേർന്ന് സ്ലാബുകൾ തകർന്നു. ചെമ്പൂത്രയിൽ നിന്നും പൈപ്പ് ലൈൻ ഭാഗത്തേക്ക് പോകുന്ന റോഡിലേക്ക് സർവ്വീസ് റോഡിൽ നിന്നും പ്രവേശിക്കുന്ന ഭാഗത്താണ് സ്ലാബ് തകർന്നിട്ടുള്ളത്. സമീപത്ത് വേയിങ് ബ്രിഡ്ജിലേക്കുള്ള വാഹനങ്ങൾ ഉൾപ്പെടെ ഭാരമുള്ള നിരവധി വാഹനങ്ങൾ കടന്നുപോകുന്ന സ്ഥലത്താണ് സ്ലാബ് തകർന്നിട്ടുള്ളത്. ഇരുചക്രവാഹനങ്ങൾ വീണ് അപകടം സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. രാത്രിയായാൽ വേണ്ടത്ര വെളിച്ചവും പ്രദേശത്തില്ല. നിർമ്മാണത്തിലെ അപാകതയാണ് തകർച്ചക്ക് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. ടൺ കണക്കിന് ഭാരം കയറ്റിയ വാഹനങ്ങൾ പോകുന്ന സ്ഥലങ്ങളിൽ പോലും വളരെ കനം കുറഞ്ഞ സ്ലാബുകളാണ് നിർമ്മാണ കമ്പനി സ്ഥാപിച്ചിട്ടുള്ളത്. ദേശീയപാതയുടെ വശങ്ങളിൽ പലയിടത്തും ഇതുപോലെ സ്ലാബുകൾ തകർന്ന് കിടക്കുന്നുണ്ട്. മാസങ്ങളായിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്ത അവസ്ഥയിലാണ് അവയെല്ലാം. മന്ത്രി കെ രാജന്റെ നിർദ്ദേശപ്രകാരം വിവിധ വകുപ്പുകൾ സംയുക്തമായി പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലിയിരുത്തിയിരുന്നു. എന്നാൽ ഇതുവരെ വേണ്ട നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.
0 Comments