കാൻസർ തളർത്തിയ ചന്ദ്രികയ്ക്കും മക്കൾക്കും തലചായ്ക്കാൻ ഒരു കൂര വേണം

ചന്ദ്രികയും മക്കളും അമ്മ സുന്ദരിയും വാർഡ് മെമ്പർ ഇ.ടി ജലജന് ഒപ്പം

പട്ടിക്കാട്. ആയോട് പാലയ്ക്കൽ വീട്ടിൽ ചന്ദ്രിക കാൻസറിനോടും ഒപ്പം ജീവിതത്തോടും പൊരുതിക്കൊണ്ടിരിക്കുകയാണ്. ഈ പോരാട്ടത്തിൽ അവർക്ക് സുമനസ്സുകളുടെ സഹായം ആവശ്യമുണ്ട്. നാൽപത് വയസ്സു മാത്രമുള്ള ചന്ദ്രിക മൂന്നു വർഷമായി കാൻസർ രോഗത്തിന് തൃശൂർ ജില്ല ആശുപത്രിയിൽ ചികിത്സ നടത്തി വരികയാണ്. 20 കീമോ തെറാപ്പികൾ  കഴിഞ്ഞു. ചികിത്സ തുടരണം. ഭർത്താവ് വിനു 2019 ൽ വൃക്കരോഗം ബാധിച്ച് മരിച്ചു. അതിനു ശേഷം മംഗലത്തെ ഭർതൃ വീട്ടിൽ നിന്ന് പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ചന്ദ്രികയ്ക്ക് ഇറങ്ങി പോരേണ്ടി വന്നു. ഇപ്പോൾ മൂത്ത സഹോദരന്റെ കുടുംബത്തോടൊപ്പം ആയോടിലാണ് താമസം. തൊഴിലുറപ്പു പണിക്കു പോകുന്ന അമ്മ സുന്ദരിയാണ് സഹായത്തിനായി ഒപ്പം ഉള്ളത്. ഓട്ടോറിക്ഷ തൊഴിലാളിയായ സഹോദരന്റ സാമ്പത്തിക 

വിനുവും ചന്ദ്രികയും (ഫയൽ ചിത്രം)

സാഹചര്യങ്ങളും വളരെ മോശമാണ്.  രോഗബാധിതയായ ചന്ദ്രികയ്ക്ക് മക്കളുമൊത്ത് സഹോദരന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞുകൂടുക  പ്രയാസകരമാണ്. പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജഗന്നാഥും അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ലക്ഷ്മി കൃഷ്ണയുമാണ് മക്കൾ. സ്വന്തമായി ഒരു തുണ്ടു ഭൂമിയോ വീടോ ഇവർക്കില്ല.  മക്കളുമൊത്ത് സ്വന്തം വീട്ടിൽ അന്തിയുറങ്ങണമെന്നത് ചന്ദ്രികയുടെ സ്വപ്നമാണ്. ചന്ദ്രികയുടെ ദുരിത ജീവിതത്തെക്കുറിച്ച് അറിഞ്ഞ സുമനസ്സുകളായ ചിലർ ചേർന്ന് വീടുവെക്കാൻ ആവശ്യമായ ഭൂമി ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ്. അവിടെ ഒരു വീടു നിർമ്മിക്കാൻ സഹായ മനസ്‌ക്കരായ ആളുകളുടെ സഹായം ഇനിയും വേണം.  

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും താണിപ്പാടം വാർഡ് മെമ്പറുമായ ഇ.ടി ജലജന്റെ നേതൃത്വത്തിൽ കുടുംബത്തെ സഹായിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.  ഇപ്പോൾ നല്ലവരായ നാട്ടുകാരുടെയും സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെയും സഹായത്തോടെയാണ്  ചികിത്സാ ചെലവുകൾ  നടക്കുന്നത്.  സ്വന്തമായി ഒരു വീട് എന്ന  സ്വപ്നം സഫലമാക്കാൻ സുമനസ്സുകളുടെ പിന്തുണയും സഹായവും അഭ്യർത്ഥിക്കുകയാണ് ആ കുടുംബം. സഹായിക്കാൻ താൽപര്യമുള്ളവർക്ക് 9746464546 എന്ന നമ്പറിൽ വാർഡ് മെമ്പർ ഇ.ടി ജലജനെ ബന്ധപ്പെടാവുന്നതാണ്.


Post a Comment

0 Comments