പട്ടിക്കാട്. പീച്ചി സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കണ്ണാറയിലെ ഐഒസി പെട്രോൾ പമ്പിൽ ഗൂഗിൾ പേ ചെയ്യാൻ ഉപയോഗിക്കുന്നത് സ്വകാര്യ വ്യക്തികളുടെ അക്കൗണ്ട്. പണം പോകുന്നത് പമ്പിലെ രണ്ട് താൽക്കാലിക ജീവനക്കാരുടെ സ്വകാര്യ അക്കൗണ്ടുകളിലേക്കാണ്. പമ്പിന്റെ മാനേജറുടെ ഓഫിസിനു മുന്നിലെ സ്‌കാനറിൽ ക്യു ആർ കോഡ് സ്‌കാൻ ചെയ്തു പണമടയ്ക്കുമ്പോഴാണു സ്വകാര്യ അക്കൗണ്ടിലേക്കു പോകുന്ന വിവരം അറിയുന്നത്. ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബാങ്കിന്റെ ഓഹരിയുടമകളും ഉപഭോക്താക്കളും സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർക്കു രേഖാമൂലം പരാതി നൽകി. ബാങ്കിന്റെ പേരിലോ സ്ഥിരം ജീവനക്കാരനായ മാനേജറിന്റെ പേരിലോ അക്കൗണ്ട് ആരംഭിക്കണമെന്നു 2 ഡയറക്ടർമാർ മാസങ്ങൾക്കു മുൻപേ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അക്കൗണ്ട് മാറ്റിയില്ലെന്നും പരാതിയുണ്ട്. നിലവിലെ ഭരണസമിതിയുടെ പേരിൽ 66 വകുപ്പു പ്രകാരമുള്ള
അന്വേഷണം നടക്കുന്നുണ്ട്. താൽക്കാലിക ജീവനക്കാരെ നിയമിക്കരുതെന്നു വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടും ഭരണസമിതി അംഗങ്ങളുടെ ബന്ധുക്കളുൾപ്പെടെയുള്ള താൽക്കാലിക ജീവനക്കാരെ നിയമിച്ചതിനു പിന്നിൽ ക്രമക്കേടുണ്ടെന്നും പരാതിയിൽ ആരോപിച്ചു. 2017 ൽ പെട്രോൾ പമ്പിൽ 10 ലക്ഷം രൂപയുടെ ക്രമക്കേടു നടത്തിയ ജീവനക്കാരനേയും 2010 ൽ ക്രമക്കേടു നടത്തിയ ജീവനക്കാരനെതിരെയും ബാങ്ക് നടപടിയെടുത്തെങ്കിലും ഇപ്പോഴത്തെ ഭരണ സമിതി ഇരുവരെയും തിരിച്ചെടുത്തിരുന്നു. പെട്രോൾ പമ്പിലെ ഇന്ധനത്തിന് ഗുണനിലവാരത്തെ സംബന്ധിച്ചു ഒട്ടേറെ പരാതികൾ ഐഒസിക്കു നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യം തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അന്വേഷിക്കുമെന്നും ബാങ്ക് സെക്രട്ടറി ഇൻ ചാർജ് രാജി ജോമി പറഞ്ഞു.
0 Comments