പുത്തൂർ. ഒല്ലൂർ നിയോജക മണ്ഡലത്തെ തരിശ് രഹിത മണ്ഡലമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ ആദ്യത്തെ കാർഷികോൽപ്പന്ന സംഭരണ വിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കർഷകരുടെ വിളകളിൽ നിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കി കർഷകർക്ക് ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തിലേക്ക് എത്താൻ സാധിച്ചു. കാർഷിക സർവ്വകലാശാലയിലൂടെ കർഷകർക്ക് സൗജന്യമായി സർക്കാർ വിത്ത് നൽകി. കൂടാതെ സർക്കാരിന്റെ 25 ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയിൽ ഒന്നിക്കാൻ ഒല്ലൂർ കൃഷി സമൃദ്ധിക്ക് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. പുത്തൂർ ഏഴാം കല്ലിലാണ് ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ ആദ്യത്തെ കാർഷികോൽപ്പന്ന സംഭരണ വിതരണ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്. 48 കർഷക ഗ്രൂപ്പുകൾ ഒല്ലൂർ കൃഷി സമൃദ്ധിയുടെ ഭാഗമാണ്.
ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ കനിഷ്‌കൻ കെ വിൽസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി മാനേജിങ് ഡയറക്ടർ എം എസ് പ്രദീപ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി സി സത്യവർമ , വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.
0 Comments