പീച്ചിറോഡ് ജങ്ഷനിൽ ദേശീയപാത അടച്ചുകെട്ടി കരാർ കമ്പനിയുടെ ധിക്കാരം; പ്രതിഷേധിച്ച് നാട്ടുകാർ


പട്ടിക്കാട്. ദേശീയപാത പീച്ചിറോഡ് ജങ്ഷനിൽ പട്ടിക്കാട് ഭാഗത്തേക്കുള്ള വഴികളെല്ലാം അടച്ചുകെട്ടി കരാർ കമ്പനിയുടെ ധിക്കാര നടപടികൾ. ജങ്ഷനിലെ അടിപ്പാത അടച്ചുകെട്ടിയതിന് പിന്നാലെ ബാറിന് മുന്നിലുണ്ടായിരുന്ന താൽക്കാലിക പാതയിലും കമ്പനി വാഹനങ്ങൾ കൊണ്ടിട്ട് ഗതാഗതം തടയുകയായിരുന്നു. ഇതോടെ പീച്ചിയിൽ നിന്നും വരുന്ന വാഹനങ്ങൾ മുടിക്കോട് പോയി തിരികെ വരേണ്ട അവസ്ഥയായി. ഇതേ തുടർന്ന് അനേകം വാഹനങ്ങൾ  ദേശീയപാതയിലെ പൊരിവെയിലത്ത് എങ്ങോട്ട് പോകണം എന്നറിയാത്ത അവസ്ഥയായി. സ്ഥലത്തെത്തിയ നാട്ടുകാർ പ്രതിഷേധം തുടങ്ങിയതോടെ ചെമ്പൂത്രയിൽ താൽക്കാലികമായി പാത തുറന്നു കൊടുത്തു. ഇതും വളരെ അപകട സാധ്യത കൂടിയ പ്രദേശമാണ്. പട്ടിക്കാടുള്ള നിരവധി വ്യാപാര സ്ഥാപനങ്ങളിൽ എത്തേണ്ടവർ, സ്‌കൂൾ വിദ്യാർത്ഥികൾ, പഞ്ചായത്ത് വില്ലേജ് ഓഫീസുകളിൽ പോകേണ്ടവർ തുടങ്ങി നിരവധി ആളുകളാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. പ്രദേശത്തെ സാഹചര്യം ബോധ്യപ്പെടുത്താൻ നിരവധി തവണ കമ്പനി അധികൃതരെ ഫോൺ ചെയ്‌തെങ്കിലും മറുപടി നൽകാൻ തയ്യാറായില്ല. നാടിന്റെയും നാട്ടുകാരുടെയും സുരക്ഷയും യാത്രാസൗകര്യങ്ങളും ഉറപ്പാക്കേണ്ട അധികാരികളും ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.



Post a Comment

0 Comments