പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ബജറ്റിന് പഞ്ചായത്ത് ഭരണസമിതി അംഗീകാരം നൽകി. 39,18,07,000 രൂപ വരവും 39,43,77,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പാസ്സാക്കിയത്. പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ബജറ്റ് ചർച്ച വളരെ വേഗത്തിൽ പൂർത്തിയായി. സ്ത്രീകളുടെയും കുട്ടികളുടെയും സന്തോഷമാണ് ഒരു നാടിന്റെ സന്തോഷമെന്നും അതുകൊണ്ടുതന്നെ ഇരുകൂട്ടർക്കും പ്രാധാന്യം നൽകിയുള്ള ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചിട്ടുള്ളതെന്നും പ്രസിഡന്റ് പറഞ്ഞു. ഭരണ സമിതിയിലെ യുഡിഎഫ് അംഗങ്ങൾ ബജറ്റ് ചർച്ച ബഹിഷ്‌കരിച്ചിരുന്നു. രണ്ട് ബിജെപി അംഗങ്ങളും ബജറ്റ് ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയി. ബജറ്റ് കർഷകർക്കും സാധാരണ ജനങ്ങൾക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫും ബിജെപിയും ബജറ്റ് ചർച്ച ബഹിഷ്‌കരിച്ചത്. എന്നാൽ കൃഷിക്കും കുടിവെള്ളത്തിനും ആവശ്യമായ സ്ഥലങ്ങളിലൊക്കെ വേണ്ട പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ താൻ പറഞ്ഞിരുന്നതായി ചർച്ചയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനപ്പെടുന്നതിന് വ്യത്യസ്ത മേഖലകളിലേക്ക് ആവശ്യമായ ഫണ്ട് നീക്കി വച്ചു കൊണ്ടാണ് ബജറ്റിന് രൂപം നൽകിയിട്ടുള്ളത്. സാധാരണക്കാരന്റെ ആവശ്യങ്ങളെ മുന്നിൽ കാണാതെ ഇടതുമുന്നണി നേതൃത്വം നൽകുന്ന ഒരു ഭരണസമിതിക്ക് മുന്നോട്ടു പോകാൻ കഴിയില്ല എന്നും സാവിത്രി സദാനന്ദൻ പറഞ്ഞു. ഭരണസമിതിയിലെ ഇടതുപക്ഷ അംഗങ്ങൾ മാത്രമാണ് ചർച്ചയിൽ പങ്കെടുത്തത്.


0 Comments