തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര സർക്കാർ അവഗണിക്കുന്നു: പി.പി രവീന്ദ്രൻ


പീച്ചി. തൊഴിലുറപ്പു പദ്ധതിയെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ജലാശയങ്ങൾ ശുചീകരിക്കുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ വർഷത്തെ കേന്ദ്ര ബജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്കായി 98,000 കോടി രൂപ നീക്കിവെച്ചിരുന്നു. എന്നാൽ കഴിഞ്ഞ കേന്ദ്ര ബജറ്റിൽ അത് 73,000 കോടി രൂപയായി കുറയ്ക്കുകയാണ്  ചെയ്തത്. ഇത് തൊഴിലുറപ്പ് പദ്ധതിയോടുള്ള കേന്ദ്ര സർക്കാരിന്റെ  സമീപനത്തിലെ


മാറ്റമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനത്തിന്റെയും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി ഐക്കണിക് വീക്ക് ഓഫ് റൂറൽ ഡെവലപ്‌മെന്റ് ആചരണം നടക്കുകയാണ്. ഇതിനോടനുബന്ധിച്ചാണ് തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്വത്തിൽ ജലാശയങ്ങൾ ശുചീകരിക്കുന്നത്. പീച്ചി ഡാമിനോട് ചേർന്ന് മണലിപ്പുഴയുടെ ശുചീകരണ പ്രവർത്തനങ്ങളാണ് തുടങ്ങിയിട്ടുള്ളത്. മൈലാട്ടുംപാറ വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഈ വാർഡിലെ തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.  100 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച മുതിർന്ന അംഗമായ 75 വയസ്സുള്ള കാർത്യായനി വാസുവിനെ പ്രസിഡണ്ട് പൂച്ചെണ്ട് നൽകി ആദരിച്ചു. പഞ്ചായത്തിലെ തൊഴിലുറപ്പ് അസി. എഞ്ചിനീയർ ലിജോ, ഓവർസിയർ നേഹ എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments