പട്ടിക്കാട്. ബസാർ റോഡിൽ പട്ടിക്കാട് സെന്ററിൽ കാനക്ക് മുകളിൽ സ്ലാബുകൾ ഇടാത്തത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. പട്ടിക്കാട് സെന്ററിൽ ബസ് കാത്ത് നിൽക്കുന്ന ഭാഗത്താണ് അപകട ഭീഷണിയായി കാനകൾ ഉള്ളത്. സെന്ററിൽ നിന്നും ഹൈവേ ജങ്ഷനിലേക്കുള്ള റോഡിന്റെ പുനർനിർമ്മാണവും കാനയുടെ പണികളും നേരത്തെ പൂർത്തിയായിരുന്നു. നിലവിൽ പ്രദേശത്ത് സ്ലാബുകൾക്ക് മുകളിൽ ടൈലുകൾ പതിക്കുന്ന പണികൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരുഭാഗത്ത് നവീകരണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ മറുഭാഗത്ത് അപകടക്കെണി ഒരുക്കുകയാണ് അധികൃതർ ചെയ്യുന്നത്. ചിലർ ഈ കുഴികളിൽ വീഴുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ നടന്ന ജാഗ്രതാ സമിതി യോഗത്തിലും ഈ വിഷയും പലരും ഉന്നയിച്ചിരുന്നു. അധികൃതരെ വിഷയം അറിയിക്കുകയും ചെയ്തു. എന്നാൽ ഇതുവരെ ഇതിനൊരു പരിഹാരം കാണാൻ ബന്ധപ്പെട്ടവർ ശ്രമിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഈ വിഷയത്തിൽ എത്രയും വേഗം വേണ്ട നടപടികൾ എടുക്കണമെന്ന് പ്രദേശത്തെ വ്യാപാരികളും ആവശ്യപ്പെട്ടു.
0 Comments