പട്ടിക്കാട്. കഴിഞ്ഞ മൂന്ന് വർഷമായി തുടർച്ചയായുണ്ടാകുന്ന പ്രകൃതി ക്ഷോഭത്തിലും, കാലവർഷക്കെടുതിയിലും കൃഷിനാശം സംഭവിച്ചവർക്ക് സർക്കാരിൽ നിന്ന് ലഭിക്കേണ്ട നഷ്ടപരിഹാരം ഇതുവരെയും ലഭിച്ചിട്ടില്ല. സാമ്പത്തികവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ നഷ്ടപരിഹാരം ലഭിക്കാത്തതിൽ കർഷകർക്ക് പ്രതിഷേധം ഉണ്ട്. ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും കൃഷി ഡയറക്ടർക്കും നിവേദനം നൽകിയതായി കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി എൽദോസ് പറഞ്ഞു. കൊവിഡ്
പ്രതിസന്ധിയും കാലാവസ്ഥ വ്യതിയാനവും, കാർഷിക ഉൽപന്നങ്ങളുടെ വിലയിടിവും, രാസവള വില വർധനവും മൂലം ഭൂരിഭാഗം കർഷകരും കടക്കെണിയിലും ആത്മഹത്യയുടെ വക്കിലുമാണ്. പലരും ജപ്തി നടപടികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ തിരിച്ചടി നേരിടുന്നത് നേന്ത്രവാഴയും, കിഴങ്ങ് വർഗ്ഗങ്ങളും പച്ചക്കറിയുമടക്കമുള്ള തന്നാണ്ട് വിളകൾ ചെയ്യുന്ന കർഷകരാണ്. സംസ്ഥാന സർക്കാരിന്റെ വിള ഇൻഷൂറൻസ് പദ്ധതിയിൽ ഇൻഷൂർ ചെയ്ത കർഷകർക്ക് വിളനാശത്തിന് നഷ്ട പരിഹാരം ലഭിക്കണം. പ്രകൃതിക്ഷോഭത്തിൽ കൃഷി നാശം സംഭവിച്ചവർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന നഷ്ടപരിഹാരവും ലഭിക്കണം. വിവിധ പ്രതിസന്ധികൾ നേരിടുന്ന കർഷകന് നഷ്ടപരിഹാരത്തുക ഒരു ആശ്വാസമായിരിക്കും.
0 Comments