പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിൽ ജൽ ജീവൻ മിഷന്റെ നിർവഹണ ചുമതലയുള്ള വാട്ടർ അതോറിറ്റി വേണ്ടത്ര ശുഷ്‌കാന്തിയോടെയല്ല പ്രവർത്തിക്കുന്നത് എന്ന് പ്രസിഡണ്ട് പി.പി രവീന്ദ്രൻ കുറ്റപ്പെടുത്തി.
പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിവരുന്ന കേന്ദ്രസർക്കാർ പദ്ധതിയായ ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിൽ ഉപഭോക്താക്കൾ കൂടിവരുന്ന സാഹചര്യത്തിൽ പുതിയ വാട്ടർ ടാങ്കുകൾ സ്ഥാപിക്കുന്നതിനായി രണ്ട് സ്ഥലങ്ങൾ കണ്ടെത്തിയിട്ടും അവ പരിശോധിച്ചു റിപ്പോർട്ട് നൽകാൻ വാട്ടർ അതോറിറ്റിയുടെ ഉയർന്ന ഉദ്യോഗസ്ഥർ ഇതുവരെ തയ്യാറായിട്ടില്ല എന്നും
പ്രസിഡണ്ട് ചൂണ്ടിക്കാട്ടി. നിരവധി തവണ അവരെ ബന്ധപ്പെട്ടിട്ടും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ 45 ശതമാനം, സംസ്ഥാന സർക്കാർ 30 ശതമാനം, ഗ്രാമപഞ്ചായത്ത് 15 ശതമാനം എന്നിങ്ങനെ ആകെ 90 ശതമാനം ഗവൺമെന്റ് സബ്‌സിഡിയും 10 ശതമാനം ഗുണഭോക്തൃ വിഹിതവും വിനിയോഗിച്ച് മൂന്നുവർഷം കൊണ്ട് കേരളത്തിലെ 50 ലക്ഷം വരുന്ന മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ജൽ ജീവൻ മിഷൻ. പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ശിൽപശാലയിൽ ജനപ്രതിനിധികൾ, എഡിഎസ്, സി.ഡി.എസ്, വാർഡ് സമിതി കൺവീനർമാർ എന്നിവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി അനിത അധ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുബൈദ അബൂബക്കർ, പ്രതിപക്ഷ നേതാവ് ബാബുതോമസ്, ജെ.ജെ.എം പ്രൊജക്ട് മാനേജർ മണികണ്ഠൻ, ടീം ലീഡർ എൽറ്റിന മരിയ, കെ സ്‌നേഹ എന്നിവർ സംസാരിച്ചു.
0 Comments