പാണഞ്ചേരി. ദേശീയപാത സർവ്വീസ് റോഡരികിൽ വേസ്റ്റുകൾ കൊണ്ടിട്ട് നിർമ്മാണ കമ്പനി തോടുകൾ മൂടുന്നു. ഇതോടെ പാണഞ്ചേരി നിവാസികൾ വേനൽകാലത്തും വെള്ളക്കെട്ടിലായി. പാണഞ്ചേരി കല്ലുപാലം മുതൽ ചെമ്പൂത്ര വരെ കടന്നു പോകുന്ന തോടാണ് ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വേസ്റ്റുകൾ കൊണ്ടിട്ട് മൂടുന്നത്. 2017 മുതലാണ് ഇവിടെ വെള്ളക്കെട്ട് ഉണ്ടാകാൻ തുടങ്ങിയത്. കല്ലുപാലത്തിന് സമീപം ഏകദേശം 18 അടി വീതിയുള്ള തോട് 200 മീറ്റർ കഴിയുന്നതോടെ 2 അടി മാത്രം വീതിയായി ചുരുങ്ങുകയാണ്. തോട് പലയിടത്തും നികന്നതും തോടിന്റെ ആഴം കുറഞ്ഞതും പ്രദേശത്തെ
വീടുകൾ വെള്ളക്കെട്ടിലാകാൻ കാരണമായി. തോടിന്റെ ബണ്ട് പൊട്ടി വെള്ളം മുഴുവൻ പാടത്തേക്കും സമീപത്തെ പറമ്പിലേക്കും കയറുന്നുണ്ട്. വെളളക്കെട്ട് രൂക്ഷമായതോടെ സ്‌റ്റേറ്റ് സീഡ്ഫാമിന്റേത് ഉൾപ്പെടെ എഴുപത്തി അഞ്ച് ഏക്കറോളം ഭൂമി കൃഷിയോഗ്യമല്ലാതായി. ഇതോടെ താമസിക്കാനും കൃഷിചെയ്യാനും സാധിക്കാത്ത നിലയിലായി പ്രദേശത്തെ ജനങ്ങൾ. റവന്യൂ വകുപ്പ് മന്ത്രി അടക്കം ഉള്ളവർക്ക് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ പരാതികൾ നൽകിയെങ്കിലും ഇതുവരെയും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഒരു നാടിന്റെ മുഴുവൻ ആവശ്യമായ ഈ വിഷയത്തിൽ എത്രയും വേഗം പരിഹാരം കാണാൻ അധികൃതർ ശ്രമിക്കുമെന്ന പ്രതീക്ഷയിലാണ് പാണഞ്ചേരി ചെമ്പൂത്ര നിവാസികൾ.
0 Comments