കണ്ണാറ. കേരള വനഗവേഷണ കേന്ദ്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇടതു കര കനാൽ നികത്തിയ മണ്ണ് നീക്കം ചെയ്തു തുടങ്ങി. മാർച്ച് നാലിന് കനാൽ തുറക്കണം. അതിന് മുമ്പ് കനാലിലെ തടസ്സങ്ങൾ നീക്കം ചെയ്യണമെന്ന നിർദ്ദേശത്തെ തുടർന്നാണ് തിടുക്കത്തിൽ മണ്ണ് നീക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ മണ്ണു നീക്കി കനാലിലൂടെ വെള്ളം പോകാൻ സൗകര്യം ഒരുക്കുമെന്ന് കെഎഫ്ആർഐ രജിസ്ട്രാർ ഡോ. ടി.വി സജീവ് പറഞ്ഞു. കനാലിലെ തടസ്സങ്ങൾ മൂലം വെള്ളം തുറന്നു വിടാൻ വൈകിയതിനാൽ കർഷകർ കടുത്ത പ്രതിസന്ധിയിലായിരുന്നു. അഞ്ചു പഞ്ചായത്തുകളിലായി ആയിരക്കണക്കിന് ഏക്കർ പ്രദേശത്തെ കൃഷി നാശത്തിന്റെ വക്കിലായിരുന്നു. കുടിവെള്ള ക്ഷാമവും രൂക്ഷമായി. കർഷകരും വിവിധ സംഘടനകളും ശക്തമായി പ്രതിഷേധമുയർത്തിയതോടെ റവന്യൂ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉൾപ്പെടെ വിളിച്ചു ചേർത്ത യോഗത്തിലാണ് മാർച്ച് 4 ന് ഇടതുകര കനാൽ തുറക്കാനും അതിന് മുമ്പായി കനാലിലെ തടസ്സങ്ങൾ നീക്കാനും നിർദ്ദേശം നൽകിയത്. പുത്തൂരിലെ ചിറ്റക്കുന്നിൽ അക്വാഡക്ടിന്റെ പണികൾ പൂർത്തിയാകാത്തതിനാൽ അതുവരെയുള്ള മേഖലയിലെ ബ്രാഞ്ച് കനാലുകളിലൂടെ വെള്ളം ലഭ്യമാക്കുമെന്ന് ഇറിഗേഷൻ അസി. എക്‌സി. എഞ്ചിനീയർ ടി.വി അജിത് കുമാർ പറഞ്ഞു.
0 Comments