പീച്ചി വലതുകര കനാലിലൂടെ ബുധനാഴ്ച മുതൽ വെള്ളം തുറന്നു വിടും


തൃശൂർ. പീച്ചി വലതുകര കനാലിലൂടെ മാർച്ച് 9 ബുധനാഴ്ച മുതൽ വെള്ളം തുറന്നുവിടും. ഇന്ന് ചേർന്ന പീച്ചി ഇറിഗേഷന്റെ പ്രൊജക്ട് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മന്ത്രി കെ. രാജന്റെ നേതൃത്വത്തിലാണ് ഓൺ ലൈൻ യോഗം വിളിച്ചു ചേർത്തത്. കനാൽ തുറന്നാൽ ഓരോ പ്രദേശത്തേക്കും എത്ര ദിവസം കൊണ്ട് വെള്ളം എത്തും എന്നതിന്റെ വിശദമായ ഷെഡ്യൂൾ തയ്യാറാക്കണം. കൃഷിക്കും ജലസേചനത്തിനും കുടിവെള്ളത്തിനും ഉപകാരപ്പെടുന്ന തരത്തിലായിരിക്കണം ഷെഡ്യൂൾ തയ്യാറാക്കേണ്ടത്. വേനൽ കടുത്തതിനെ തുടർന്ന് കനാൽ അടിയന്തരമായി തുറക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ബുധനാഴ്ച തന്നെ കനാൽ തുറന്നു വിടുമെന്ന് 


മേജർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ടി.കെ ജയരാജ് പറഞ്ഞു. ഇടതുകര കനാലിലെ ചിറ്റക്കുന്ന് ഭാഗത്തെ അക്വഡക്റ്റ് നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കി മാർച്ച് 20 ന് തന്നെ വെള്ളം ഒഴുക്കണമെന്നും ഇതിൽ വീഴ്ചയുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി താക്കീത് നൽകി.  യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി സജു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മേജർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ടി കെ ജയരാജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി സന്ധ്യ, റവന്യൂ, കൃഷി, ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments