എം ബാലകൃഷ്ണൻ മുഹമ്മദ് ആദിലിന് പൂച്ചെണ്ട് സമ്മാനിക്കുന്നു
പട്ടിക്കാട്. ഷെൽ മഴ പെയ്യുന്ന യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്ന് മക്കൾ തിരികെയെത്തിയതിന്റെ ആശ്വാസത്തിലാണ് പാണഞ്ചേരിയിലെ നാല് കുടുംബങ്ങൾ. ചാത്തംകുളം വള്ളൂരാൻ വീട്ടിൽ മുഹമ്മദ് ആദിലും കണ്ണാറ, ആൽപ്പാറ, പാണഞ്ചേരി സ്വദേശികളായ മറ്റ് മൂന്നു പേരുമാണ് നാട്ടിലെത്തിയത്. മാർച്ച് 12 ശനിയാഴ്ച വെളുപ്പിന് രണ്ടരയോടെയാണ് ഇവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. റഷ്യൻ യുക്രൈൻ പോരാട്ടം രൂക്ഷമായ സുമിയിൽ നിന്ന് 700 വിദ്യാർത്ഥികളെയാണ് ഇന്ത്യ സുരക്ഷിതരായി നാട്ടിലെത്തിച്ചത് എന്ന് മുഹമ്മദ് ആദിൽ പറഞ്ഞു. ഇതിൽ മുന്നൂറോളം പേർ മലയാളി വിദ്യാർത്ഥികളാണ്. രണ്ടുദിവസം മുമ്പ് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിയെങ്കിലും എഴുന്നൂറോളം പേർക്ക് യാത്ര ചെയ്യാനായി നാല് ബസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. യാത്രാ മാർഗ്ഗത്തിൽ റഷ്യൻ
ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇവർ പിന്നീട് യാത്ര റദ്ദാക്കി. അടുത്ത ദിവസം സ്വന്തം റിസ്‌കിൽ ഇവർ റഷ്യൻ അതിർത്തി മേഖലയിലേക്ക് നീങ്ങാൻ തീരുമാനിച്ചു. യാത്രയ്ക്ക് ഒരുങ്ങി നിൽക്കുന്ന വാർത്ത വീഡിയോ ചാനലുകളിൽ വന്നതിനെത്തുടർന്ന് പുറത്തിറങ്ങരുതെന്ന് എംബസിയിൽ നിന്ന് നിർദ്ദേശം ലഭിച്ചു. ഒരു മണിക്കൂറിനുള്ളിൽ തന്നെ ഈ മേഖലയിൽ റഷ്യൻ ആക്രമണം ആരംഭിച്ചിരുന്നു. ഇതേ തുടർന്ന് അധികം വൈകാതെ തന്നെ 12 ബസുകളിൽ ആയി ഇവരെ തൊട്ടടുത്ത നഗരമായ പൊൽത്താവയിലേക്കും അവിടെനിന്ന് ട്രെയിനിൽ ലിവ്യൂവിലും എത്തിച്ചു. അവിടെവച്ച് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി. പോളണ്ടിൽ നിന്നും എത്തിയ വാഹനങ്ങളിൽ പോളണ്ടിന്റെ ഏകദേശം മധ്യഭാഗത്തുള്ള ഒരു റിസോർട്ടിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്നും മൂന്ന് വിമാനങ്ങളിലായി ഡൽഹിയിലേക്കും തുടർന്ന് നെടുമ്പാശ്ശേരിയിലും എത്തിച്ചു. യാത്രയുടെ മുഴുവൻ ചെലവുകളും സർക്കാർ തന്നെ വഹിച്ചുവെന്ന് മുഹമ്മദ് ആദിൽ പറഞ്ഞു. സുമിയിൽ രണ്ടാം വർഷ വെറ്റിനറി സയൻസ് വിദ്യാർത്ഥിയാണ് ആദിൽ. പിതാവ് വി.എം ജബ്ബാർ പൂത്തോൾ എക്‌സൈസ് അക്കാദമിയിലെ ഉദ്യോഗസ്ഥനാണ്. വിദ്യാർത്ഥികളുടെ തുടർന്നുള്ള പഠനം എങ്ങനെ ആയിരിക്കുമെന്ന ആശങ്കയിലാണ് എല്ലവരും. മുഹമ്മദ് ആദിലിനെയും കുടുംബത്തെയും സി.പി.ഐ.എം പീച്ചി ലോക്കൽ കമ്മറ്റി സെക്രട്ടറി എം ബാലകൃഷ്ണന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. എൽ.സി അംഗങ്ങളായ സാബു, എം.എസ് കുഞ്ഞപ്പൻ, ബ്രാഞ്ച് സെക്രട്ടറി പ്രശോഭ്, വാർഡ് മെമ്പർ ആരിഫ റാഫി, കെ.ടി ജിതിൻ എന്നിവരും ഉണ്ടായിരുന്നു.
0 Comments