കണ്ണാറ. വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി ജൽജീവൻ മിഷൻ പദ്ധതിയെ ആശ്രയിച്ചവർ ഇപ്പോൾ ദുരിതത്തിലാണ്. വാർഡിൽ പലയിടത്തും കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണെന്ന് വാർഡ് മെമ്പർ രേഷ്മ സജീഷ് പറഞ്ഞു. വാട്ടർ അതോറിറ്റി തന്നെയാണ് ജൽജീവൻ മിഷൻ പദ്ധതിയിലൂടെ ജലവിതരണം നടപ്പാക്കുന്നത്. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 150ഓളം വീടുകളിലാണ് ജലവിതരണം തടസ്സമായിട്ടുള്ളത്. പഞ്ചായത്തിന്റെ പലഭാഗങ്ങളിലായി തകർന്ന് കിടക്കുന്ന പൈപ്പ് ലൈനുകളാണ് ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്താത്തതിന് പ്രധാന കാരണം. പ്രധാന റോഡുകളുടെ വശങ്ങളിൽ പോലും പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാൽ വാർഡ് മെമ്പർമാർ ഉൾപ്പെടെയുള്ളവർ പരാതി നൽകിയിട്ടും തകർന്ന പൈപ്പുകൾ പുനസ്ഥാപിക്കാനോ അറ്റകുറ്റ പണികൾ നടത്താനോ അധികൃതർ തയ്യാറാകുന്നില്ല. ജലവിതരണത്തിലെ തടസ്സങ്ങൾ പരിഹരിച്ച് വാർഡിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ വേണ്ട നടപടികൾ അധികൃതർ എത്രയും വേഗം പൂർത്തീകരിക്കണമെന്ന് വാർഡ് മെമ്പർ ആവശ്യപ്പെട്ടു.


0 Comments