പട്ടിക്കാട്. ജലസേചനത്തിനും കുടിവെള്ളത്തിനും പദ്ധതികളൊന്നും ആവിഷ്‌കരിക്കാത്ത പഞ്ചായത്ത് ബജറ്റ് പരാജയമാണെന്ന് ആരോപിച്ച് ഭരണസമിതിയിലെ യുഡിഎഫ് അംഗങ്ങൾ ബജറ്റ് ചർച്ച ബഹിഷ്‌ക്കരിച്ചു. ബജറ്റിൽ കൃഷിക്കാണ് പ്രാമുഖ്യം എങ്കിലും ജലസേചന സൗകര്യങ്ങൾക്ക് ആവശ്യമായ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. പീച്ചി അണക്കെട്ട് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ആയിട്ടുപോലും ഓരോ വേനലിലും കുടിവെള്ള വിതരണത്തിന് 20 ലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വരികയാണ്. രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതികൾ ഒന്നുമില്ലെന്നും യുഡിഎഫ് അംഗങ്ങൾ കുറ്റപ്പെടുത്തി. നിലവിലെ ഭരണ സമിതി അധികാരത്തിലേറി 14 മാസങ്ങൾ കഴിഞ്ഞിട്ടും ലൈഫ് പദ്ധതിയിലെ ഭൂരഹിതർക്ക് ഭൂമി വാങ്ങാൻ പണം അനുവദിച്ചിട്ടില്ല എന്നും കഴിഞ്ഞ ബജറ്റിലെ പണം പോലും ലൈഫ് പദ്ധതിക്കായി നിയോഗിച്ചിട്ടില്ല എന്നുമാണ് യുഡിഎഫ് അംഗങ്ങൾ പറയുന്നത്. പഞ്ചായത്തിലെ സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന കാര്യത്തിൽ ബജറ്റ് വലിയ പരാജയം ആണെന്ന ആരോപണം ഉയർത്തിയാണ് പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങളായ ബാബു തോമസ്, കെ.പി ചാക്കോച്ചൻ , സുശീല രാജൻ, ഷൈജു കുര്യൻ. ശ്രീജു സി.എസ് എന്നിവർ ബജറ്റ് ചർച്ച ബഹിഷ്‌കരിച്ചത്.
0 Comments