പട്ടിക്കാട്. പീച്ചി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ജനമൈത്രി ജാഗ്രത സമിതി യോഗം ചേർന്നു. പട്ടിക്കാട് പോലീസ് സ്‌റ്റേഷനിൽ വെച്ച് നടന്ന യോഗത്തിൽ സിഐ എസ് ഷുക്കൂർ അധ്യക്ഷത വഹിച്ചു. പാണഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണ പരമ്പരകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെതിരെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിഐ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പട്ടിക്കാട് സെന്ററിലും പരിസരങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കും. അതോടൊപ്പം വളർന്നുവരുന്ന യുവതലമുറയിലെ പെൺകുട്ടികൾക്ക് ആവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അതിനായി മുന്നോട്ട് വരുമെന്ന് പഞ്ചായത്തുമായി ബന്ധപ്പെട്ട വിവിധ സംഘടനകൾ അറിയിക്കുകയും
ചെയ്തു. പെർമിറ്റ് ഉണ്ടായിട്ടും പട്ടിക്കാട് സെന്ററിൽ വരാത്ത സ്വകാര്യ ബസുകൾക്ക് എതിരെ കർശന നടപടി എടുക്കണമെന്ന നിർദ്ദേശം യോഗം മുന്നോട്ടുവെച്ചു. ഇതിനായി ബസ് സ്റ്റാന്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കും. പോലീസിന്റെ കർശന നടപടികളും ഇനിയുണ്ടാകും. പാതയോരങ്ങളിൽ തകർന്നു കിടക്കുന്ന സ്ലാബുകൾ പുനസ്ഥാപിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശങ്ങൾ നൽകാനും യോഗം തീരുമാനിച്ചു. പീച്ചി എസ്‌ഐ ജെ. ജമേഷ്, ജനമൈത്രി പോലീസ് ഓഫീസർമാരായ ഫ്രിൻസൻ, സനിൽകുമാർ, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ബാബു കൊള്ളന്നൂർ, ഏകോപന സമിതി പ്രസിഡന്റ് ജോബി പറപ്പുള്ളി, സോമൻ കുളപ്പാറ, വിവിധ സംഘടനാ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
0 Comments