വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാ പരിശീലന പദ്ധതിയുടെ രണ്ടാംഘട്ടം തുടങ്ങി

വജ്രജൂബിലി കലാ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ രവി ഉദ്ഘാടനം ചെയ്യുന്നു

പട്ടിക്കാട്. പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ചിത്രകല, മോഹിനിയാട്ടം എന്നീ ഇനങ്ങളിൽ സൗജന്യ പരിശീലനം നൽകും. പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാവുന്ന പരിശീലനപരിപാടിയിൽ 85 പേരാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള 16 പരിശീലന ക്ലാസുകൾ ആണ് നൽകുക. ഒല്ലൂക്കര ബ്ലോക്കിന് കീഴിലുള്ള മറ്റു പഞ്ചായത്തുകളിൽ കേരള തനിമ വിളിച്ചോതുന്ന മറ്റ് കലാരൂപങ്ങളുടെ പരിശീലനവും നൽകും. സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെയാണ് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. 2017 ൽ സർക്കാർ ആരംഭിച്ച ഈ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് പാണഞ്ചേരിയിൽ ഇപ്പോൾ തുടങ്ങിയത്. കലാ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ രവി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്  പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.  ജില്ലാ കോർഡിനേറ്റർ ഇ.എസ് സുഭാഷ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.വി അനിത, സുബൈദ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫ്രാൻസിന ഷാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ് എന്നിവരും പങ്കെടുത്തു.





Post a Comment

0 Comments