പട്ടിക്കാട്. ഏതു നിമിഷവും നിലം പൊത്താവുന്ന വീട്ടിൽ മൂന്നു കുഞ്ഞുങ്ങളും ഭർത്താവും പ്രായമായ ഭർതൃമാതാവുമൊത്ത് ആധിയോടെ ജീവിതം മുന്നോട്ടു കൊണ്ടു പോവുകയാണ് തേക്കിൻകാട് വീട്ടിൽ മോളി. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഇരുപത്തി മൂന്നാം വാർഡിലെ താളിക്കോട് കനാലുംപുറത്ത് അങ്കണവാടിക്ക് സമീപമാണ് ഇവർ താമസിക്കുന്നത്. ഓടുമേഞ്ഞ വീട്ടിന്റെ കഴുക്കോലും ഉത്തരവും പട്ടികയും ചിതലരിച്ച് ദ്രവിച്ച് ഏതു നിമിഷവും നിലം പൊത്താവുന്ന നിലയിലാണ്. മഴക്കാലത്ത് വീട് മുഴുവൻ ചോർന്നൊലിക്കും. എല്ലാവരും ചേർന്ന് ഒരു മുറിയിലാണ് കഴിഞ്ഞുകൂടുന്നത്. കുടുംബത്തിലെ സ്ത്രീകളുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കി അടച്ചുറപ്പുള്ള ഒരു വീട് എന്നത് ഇവരുടെ സ്വപ്നമാണ്. കൂലി വേലക്ക് പോകുന്ന മോളിയുടെ വരുമാനം കൊണ്ട് ഒരു വീട് നിർമ്മാണം സാധ്യമാകില്ല. വീടിനായി പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും നടപടിയൊന്നും ആയിട്ടില്ല. ദുരിത ജീവിതത്തിൽ തങ്ങൾക്ക് സഹായവുമായി സുമനസ്സുകൾ കടന്നുവരുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
0 Comments