പട്ടിക്കാട്. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വടക്കുംപാടം ആത്മാലയത്തിൽ ആരംഭിച്ച നഴ്‌സറിയിൽ ഫലവൃക്ഷതൈകൾ തയ്യാറായി തുടങ്ങി. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഇവിടെ നിന്നും തൈകൾ വിതരണം ചെയ്യും. ഇതിന്റെ ഭാഗമായി മുളച്ച തൈകൾ കവറിലേക്ക് മാറ്റി നടുന്നതിന്റെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. പുളി, നെല്ലി, പേര തുടങ്ങിയവയുടെ തൈകളാണ് ഇപ്പോൾ മാറ്റി നടുന്നത്. സോഷ്യൽ ഫോറസ്റ്റ്‌റിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദിനത്തിൽ വിവിധ വാർഡുകളിൽ ഫലവൃക്ഷ തൈകൾ നടുന്നതിനാണ് 510 തൊഴിൽ ദിനങ്ങൾ ഉപയോഗിച്ച് പേര, മാതളം, നെല്ലി, കുടംപുളി, പുളി തുടങ്ങിയ ഫലവൃക്ഷ തൈകൾ വളർത്തിയെടുക്കുന്നത്. 2,10,530 രൂപ എസ്റ്റിമേറ്റ് തുക ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുശ്മശാനത്തോട് ചേർന്നുള്ള സ്ഥലത്താണ് നഴ്‌സറി ഒരുക്കിയിട്ടുള്ളത്. ഓവർസീർമാരായ നേഹ, ശീതൾ എന്നിവരും സോമി, വിബിത, വാർഡ് 11ലെ തൊഴിലുറപ്പ് മേറ്റ് സാലി, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.


0 Comments