മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.വി പത്രോസിനെ ആദരിച്ചു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.വി പത്രോസിനെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയാണ് ആദരം നൽകിയത്. ജീവിതത്തിലെ ചരിത്ര മുഹൂർത്തമാണിതെന്ന് വിശേഷിപ്പിച്ച അദ്ദേഹം വളരെ വികാരാധീനനായി ആണ് ആദരം ഏറ്റുവാങ്ങിയത്. കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ 2000-2003, 2010-2012 എന്നീ കാലഘട്ടങ്ങളിൽ ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. കേരളത്തിൽ ജനകീയാസൂത്രണ പ്രവർത്തനങ്ങളുടെ 25-ാം വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായാണ് ആദരം. ഇതിന്റെ ഭാഗമായി പഞ്ചായത്തിൽ കഴിഞ്ഞ 25 വർഷ കാലയളവിൽ പ്രസിഡന്റുമാർ ആയിരുന്നവരിൽ പഞ്ചായത്തിൽ നേരിട്ട് എത്താൻ കഴിവുള്ളവരെ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ ആദരിച്ചിരുന്നു. എന്നാൽ ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ മുൻ പ്രസിഡന്റ് പി.വി പത്രോസിന് നേരിട്ട് പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഇതിനാൽ ആണ് നേരിട്ട് വീട്ടിൽ എത്തി അദ്ദേഹത്തെ ആദരിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ പറഞ്ഞു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.വി അനിത, പ്രതിപക്ഷ നേതാവ് ബാബു തോമസ്, വാർഡ് മെമ്പർമാരായ കെ.പി ചാക്കോച്ചൻ, ബീന പൗലോസ്, റെജീന ബാബു കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments