സ്വകാര്യ ബസ് സമരം: യാത്രക്കാരും വിദ്യാർത്ഥികളും വലഞ്ഞു


പട്ടിക്കാട്. ഇന്നലെ അർദ്ധരാത്രി മുതൽ സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചതോടെ യാത്രക്കാരും പരീക്ഷ എഴുതാൻ വേണ്ടി സ്‌കൂളുകളിലേക്ക് പോകുന്ന വിദ്യാർത്ഥികളും ദുരിതത്തിലായി. എസ്എസ്എൽസി ഒഴികെയുള്ള ക്ലാസുകളിലേക്ക് പൊതു പരീക്ഷകൾ നടക്കുന്ന സമയമാണ്. സമരം ആരംഭിച്ചതോടെ നൂറുകണക്കിന് വിദ്യാർഥികളാണ് സമയത്ത് സ്‌കൂളിൽ എത്തിച്ചേരാൻ കഴിയാതെ ബുദ്ധിമുട്ടിലായത്. രാവിലെ വിവിധ തൊഴിൽ സ്ഥലങ്ങളിലേക്ക് എത്തേണ്ട സാധാരണ തൊഴിലാളികളും ജീവനക്കാരുമാണ്  വലിയ പ്രതിസന്ധിയിലായത്. സ്വകാര്യ വാഹനങ്ങളില്ലാത്ത, പൊതുഗതാഗത സൗകര്യങ്ങളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരായ തൊഴിലാളികളും കുട്ടികളുമാണ് ഏറ്റവും കൂടുതൽ 


ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത്. കോവിഡ് കാലത്തെ പ്രതിസന്ധിയിൽ നിന്നും  പൊതുജീവിതം സാധാരണനിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം സമരങ്ങൾ ജനജീവിതത്തെ പൂർണ്ണമായും സ്തംഭിപ്പിക്കുകയാണ്. ഉചിതമായ തീരുമാനമെടുക്കുന്നതിൽ അധികൃതർ കാണിക്കുന്ന അലംഭാവവും അനാസ്ഥയും ആണ് ഇത്തരം സമരങ്ങളിലേക്ക് പലരെയും തള്ളിവിടുന്നത്. ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ യാത്രക്കൂലിയിൽ വർദ്ധനവ് വരുത്തണമെന്ന് സർക്കാരിനോട് സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു.   ഇക്കാര്യത്തിൽ ആലോചിച്ച് ഒരു തീരുമാനമെടുത്ത് അറിയിക്കാം എന്നാണ് ഗതാഗത വകുപ്പ് നൽകിയ നിർദ്ദേശം. എന്നാൽ ഗതാഗത വകുപ്പ് മന്ത്രി തന്നെ നിർദ്ദേശിച്ച കാലാവധിക്കുള്ളിൽ ഒരു തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നാണ് തങ്ങൾ സമരത്തിന് നിർബന്ധിതരായത് എന്നാണ്  സ്വകാര്യബസ് സംഘടനകൾ നൽകുന്ന വിശദീകരണം. പരീക്ഷാ കാലങ്ങളിൽ സമ്മർദ്ദതന്ത്രം എന്ന നിലയിൽ നടക്കുന്ന  സ്വകാര്യ ബസ് സമരത്തിനെതിരെ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്. എന്നാൽ ഉചിതമായ സമയത്ത് ആവശ്യമായ ചർച്ചകൾ നടത്തി  തീരുമാനങ്ങൾ എടുത്ത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സമരങ്ങൾ ഒഴിവാക്കാൻ   ഗതാഗത വകുപ്പും ബന്ധപ്പെട്ട അധികൃതരും വിമുഖത കാണിക്കുന്നു എന്നും ജനങ്ങൾക്ക് ആക്ഷേപമുണ്ട്.



Post a Comment

0 Comments