ന്യൂഡൽഹി: രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി ആവിഷ്‌ക്കരിച്ചിട്ടുള്ള പ്രധാന മന്ത്രി ജൻ വികാസ് കാര്യാക്രം പദ്ധതിയിൽ കേരളത്തിൽ തൃശൂരിനെ കൂടി ഉൾപ്പെടുത്തണമെന്ന് ടിഎൻ പ്രതാപൻ എം പിയുടെ ആവശ്യം അംഗീകരിച്ചിവെന്നും 2021-2022 മുതൽ 2025-2026 വരെയുള്ള സാമ്പത്തിക വർഷങ്ങളിലേക്ക് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ തൃശൂരിലും ലഭ്യമാകുമെന്നും കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി അറിയിച്ചു. നേരത്തേ സംസ്ഥാനത്തെ പതിമൂന്ന് ജില്ലകളിലും ഈ പദ്ധതിയുണ്ടായിരുന്നു. എന്നാൽ ക്രിസ്ത്യൻ മുസ്ലിം ജനസംഖ്യ 42% ഉള്ള തൃശൂർ ഈ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ല. പ്രസ്തുത പദ്ധതിയിൽ തൃശൂരിന് പ്രത്യേക പരിഗണന അർഹിക്കുന്നുണ്ടെന്ന് ബജറ്റ് സമ്മേളനത്തിന്റെ ആദ്യപാദത്തിൽ ടി എൻ പ്രതാപൻ ആവശ്യപ്പെട്ടിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ നാനോന്മുഖ വികസനത്തിന് വേണ്ടി ആവിഷ്‌ക്കരിക്കപ്പെട്ട പദ്ധതി ദുർബല വിഭാഗങ്ങളെ മുഖ്യധാരയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. നിലവിൽ പിഎംജിവികെ രാജ്യത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.
0 Comments