രാത്രി ഏഴുമണിക്കു ശേഷം തൃശൂരിൽ നിന്ന് പീച്ചിയിലേക്ക് ബസ് ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നതായി പരാതി


പട്ടിക്കാട്. രാത്രി ഏഴുമണിക്കു ശേഷം തൃശൂരിൽ നിന്ന് പീച്ചി ഡാമിലേക്ക് ബസുകൾ സർവ്വീസ് നടത്താത്തത് യാത്രക്കാരെ വലയ്ക്കുന്നതായി പരാതി. തൃശൂർ നഗരവുമായി ബന്ധപ്പെട്ട് വിവിധ ജോലികൾ ചെയ്യുന്നവരും മറ്റ് ആവശങ്ങൾക്കു പോയി വൈകി എത്തുന്നവർക്കും രാത്രി ഏഴുമണി കഴിഞ്ഞാൽ പീച്ചിയിലേക്ക് എത്താൻ ബസ് സൗകര്യമില്ല. കൊവിഡ് കാലത്തിന്  മുമ്പ്  രാത്രി 9.30 വരെ തൃശൂരിൽ നിന്ന് പീച്ചിയിലേക്ക് ബസുകൾ സർവ്വീസ് നടത്തിയിരുന്നു. നിരവധി യാത്രക്കാരാണ് രാത്രിയിൽ തൃശൂരിൽ നിന്നുള്ള ട്രിപ്പുകളിൽ യാത്ര ചെയ്തിരുന്നത്. തൃശൂരിലെ വിവിധ ഓഫീസുകളിലും, വ്യാപാര സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്നവർക്ക് ഈ സർവ്വീസകൾ അനുഗ്രഹമായിരുന്നു. ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്നവർക്കും  മറ്റ് ആവശ്യങ്ങൾക്ക് പോയി വൈകി എത്തുന്നവർക്കും ആശങ്കയില്ലാതെ വീട്ടിൽ എത്താൻ സൗകര്യമുണ്ടായിരുന്നു. പൊതുജീവിതം സാധാരണ നിലയിലേക്കു വരുന്ന സാഹചര്യത്തിൽ
 

തൃശൂരിൽ നിന്ന് രാത്രി 9.30 വരെ എങ്കിലും പീച്ചിയിലേക്ക് ബസുകൾ സർവ്വീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് ബസ് സർവ്വീസുകൾ പലതും നിന്നു പോയത്. പിന്നീട് സർവീസുകൾ പുനരാരംഭിച്ചെങ്കിലും കൊവിഡ് പ്രതിസന്ധി മൂലം പല ബസുകളും ഓട്ടം നിർത്തി. എന്നാൽ ഇപ്പോൾ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതോടെ സാഹചര്യങ്ങൾ സാധാരണ നിലയിലേക്ക് എത്തിയിരിക്കുകയാണ്. എന്നാൽ വൈകിയും ബസുകൾ ഓടാത്തത് തൃശൂർ പീച്ചി ഡാം റൂട്ടിൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. ആദായകരമല്ലാത്തതു കൊണ്ടാണ് ട്രിപ്പുകൾ ഒഴിവാക്കുന്നതെന്ന് ബസുടമകൾ പറയുന്നു. ഇന്ധന വിലയിലെ വർധനവും യാത്രക്കാർ വളരെ കുറഞ്ഞതുമാണ് ട്രിപ്പുകൾ ഒഴിവാക്കാൻ കാരണമെന്നാണ് ബസുടമകൾ നൽകുന്ന വിശദീകരണം



Post a Comment

0 Comments