പട്ടിക്കാട്. ആറാംകല്ലിൽ ദേശീയ പാതയുടെ കാനകൾ ചെന്നു ചേരുന്നത് ഇറിഗേഷൻ വകുപ്പിന്റെ കനാലിലേക്ക്. അടിയന്തരമായി പണികൾ നിർത്തി വെക്കാൻ ഇറിഗേഷൻ അധികൃതർ നിർദ്ദേശം നൽകി. ആറാംകല്ലിന് കിഴക്കുനിന്നും പടിഞ്ഞാറു ഭാഗത്തു നിന്നും എത്തുന്ന കാനകൾ പീച്ചി വലതുകര കനാലിന്റെ ബ്രാഞ്ച് കനാലിലേക്ക് ചെന്ന് ചേരുന്ന വിധത്തിലാണ് നിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുമൂലം ദേശീയപാതയുടെ കാനയിലൂടെ ഒഴുകിയെത്തുന്ന മലിനജലം കനാലിലേക്കാണ് ഒഴുകിയെത്തുക. കൃഷി ആവശ്യങ്ങൾക്കായി ഡാമിൽനിന്ന് തുറന്നു വിടുന്ന വെള്ളമോ മഴ
വെള്ളമോ മാത്രമേ കനാലിലൂടെ ഒഴുക്കി വിടാവൂ എന്നതാണ് ഇറിഗേഷൻ വകുപ്പിന്റെ തീരുമാനം. എന്നാൽ ഇറിഗേഷൻ വകുപ്പിൽ നിന്ന് യാതൊരു വിധ അനുമതികളും ഇല്ലാതെയാണ് ഹൈവേ അതോറിറ്റി കനാലിലേക്ക് ബന്ധിപ്പിക്കുന്ന തരത്തിൽ കാനകളുടെ നിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്നത്. ദേശീയപാതയുടെ കാനകളിലൂടെ മഴവെള്ളം മാത്രമാണ് ഒഴുകുന്നത് എന്നായിരുന്നു ഹൈവേ ഉദ്യോഗസ്ഥരുടെ വിശദീകരണം. നിർമ്മാണം നടക്കുന്നത് അറിഞ്ഞ് ഇറിഗേഷൻ അസി. എഞ്ചിനീയർ ആർ അർജുൻ, ഓവർസിയർ സ്മിത, വാർഡ് മെമ്പർ ആരിഫ റാഫി എന്നിവർ സ്ഥലം സന്ദർശിച്ചു. പണികൾ നിർത്തിവയ്ക്കാൻ ഹൈവേ അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ അനുമതിയില്ലാതെ കനാലുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് അസി. എഞ്ചിനീയർ പറഞ്ഞു.



0 Comments