ഹൈവേ അധികൃതരുടെ അനാസ്ഥ: പട്ടിക്കാട് തുറന്നു കിടക്കുന്ന കാനയിൽ ബൈക്ക് വീണു; യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്


പട്ടിക്കാട്. ഹൈവേ ജങ്ഷനിലെ അടിപ്പാതയ്ക്കു സമീപം തുറന്നു കിടക്കുന്ന കാനയിലേക്ക് ബൈക്ക് വീണു. ബൈക്ക് യാത്രികരായ യുവാക്കൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സർവീസ് റോഡിനു സമീപമുള്ള പത്തടിയോളം താഴ്ചയിലുള്ള കാനയിലേക്കാണ് ബൈക്ക് വീണത്.  വൈകിട്ട് അഞ്ചര മണിയോടെയാണ് ആണ് അപകടം. പാലക്കാട് സ്വദേശികളായ യുവാക്കൾ മൂവാറ്റുപുഴയിൽ പോയി  തിരിച്ചുവരികയായിരുന്നു. പട്ടിക്കാട് ഹൈവേ ജങ്ഷനിൽ വെച്ച് ബൈക്കിന് പിന്നിലായി വന്ന ലോറിക്ക് സൈഡു കൊടുക്കുന്നതിനിടെ കാനയുടെ അരികിലുള്ള കല്ലിൽ തട്ടി ബൈക്ക് മറിയുകയായിരുന്നു. ബൈക്ക് 


കാനയിലേക്കും ബൈക്കിലുണ്ടായിരുന്നവർ റോഡിലേക്കും വീണു. ആ സമയത്ത് മറ്റു വാഹനങ്ങളൊന്നും വരാതിരുന്നത് മൂലം വലിയൊരു അപകടത്തിൽ നിന്നും യുവാക്കൾ രക്ഷപെടുകയായിരുന്നു. ഹൈവേയിൽ പട്ടിക്കാട് മേഖലയിലെ  തുറന്നുകിടക്കുന്ന കാനയിൽ കാൽ നടക്കാരും വാഹനങ്ങളും  വീണ് അപകടം ഉണ്ടാകുന്നത് പതിവാണ്. കാനയ്ക്ക്  കവറിംഗ് സ്ലാബ് ഇടണമെന്ന് ജനങ്ങൾ നിരന്തരമായി ആവശ്യപ്പെട്ടിട്ടും  പ്രതിഷേധങ്ങൾ ഉയർത്തിയിട്ടും സ്ലാബ് ഇടാൻ ഹൈവേ അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല. ഭരണാധികാരികളും ഇക്കാര്യത്തിൽ വേണ്ടത്ര ഇടപെടൽ നടത്തുന്നില്ലെന്നും ജനങ്ങൾക്ക് പരാതിയുണ്ട്. കരാർ കമ്പനി  ടോൾപിരിവ് ആരംഭിച്ചെങ്കിലും  ജങ്ഷനുകളിൽ  മിക്കയിടത്തും കാനകൾ തുറന്നു കിടക്കുന്നതിനാൽ   കാൽനടക്കാർക്കോ  വാഹനങ്ങൾക്കോ സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്.


Post a Comment

0 Comments