ജീവിത പോരാട്ട വേദിയിൽ കരുത്തു കാട്ടിയ പത്മിനിയെ വൈസ്‌മെൻ ക്ലബ്ബ് ആദരിച്ചു


പട്ടിക്കാട്. അന്താരാഷ്ട്ര വനിത ദിനത്തിൽ വെള്ളാനി ഹിൽസ് വൈസ്‌മെൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ  വനിതാ ഓട്ടോ തൊഴിലാളിയും കായിക താരവുമായ പത്മിനിയെ ആദരിച്ചു. വൈസ് മെൻസ് ഡിസ്ട്രിക്ട് ഗവർണ്ണർ അനിത ബെന്നിയും ക്ലബ്ബ് ഭാരവാഹികളും ചേർന്ന് പത്മിനിയെ പൊന്നാടയണിയിച്ച് ഉപഹാരം സമ്മാനിച്ചു. ജീവിതത്തിൽ ഒറ്റയ്ക്കാണെങ്കിലും മനക്കരുത്തിന്റെയും നിശ്ചയദാർഡ്യത്തിന്റെയും പ്രതീകമാണ് പത്മിനി. ചുവന്നമണ്ണ് എഎൽപി സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ കായിക മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. ഓട്ട മത്സരത്തിലായിരുന്നു ഏറെയും താൽപര്യം. പട്ടിക്കാട് ഗവ. ഹൈസ്‌കൂളിൽ പഠിക്കുമ്പോഴും മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടി. എന്നാൽ പഠനം അധിക കാലം 


തുടരാനായില്ല. അച്ചനും അമ്മയും മരിച്ചതോടെ പത്മിനി ഒറ്റയ്ക്കായി. പരാജയപ്പെടുത്താൻ നോക്കിയ വിധിക്കു മുന്നിൽ കീഴടങ്ങാൻ അവൾ തയ്യാറായിരുന്നില്ല. ജീവിതത്തിലുണ്ടായ തിരിച്ചടികളെ സധൈര്യം മറികടന്നു. സ്‌പോർട്ട്‌സിലെ മികവ് ഒരു ജോലി നേടി തരും എന്ന് കരുതിയെങ്കിലും ആ പ്രതീക്ഷ സഫലമായില്ല. എന്നാൽ പിന്മാറാൻ പത്മിനി തയ്യാറല്ലായിരുന്നു. അങ്ങിനെയാണ് നാട്ടിൻ പുറത്ത് സ്ത്രീകൾ അധികം ചെയ്യാത്ത ഒരു തൊഴിൽ തിരഞ്ഞെടുക്കാൻ പത്മിനി തീരുമാനിച്ചത്.  നാല് വർഷം മുമ്പ് പത്മിനി ഒരു ഓട്ടോറിക്ഷ സ്വന്തമാക്കി. പത്മിനിയുടെ ഓട്ടോ ഇപ്പോഴും വിളിച്ചാൽ വിളിപ്പുറത്തുണ്ട്. തീർന്നില്ല, പുല്ലുവെട്ടുന്ന യന്ത്രവും ഇപ്പോൾ സ്വന്തമായുണ്ട്. ആവശ്യക്കാർക്ക് പുല്ലുവെട്ടിക്കൊടുക്കാനും പോകാറുണ്ട്. ഒറ്റപ്പെടലിന്റെയും നിരാശ്രയത്വത്തിന്റെയും ഇരുണ്ട ചിന്തകൾക്ക് പിറകേ പോകാൻ ഇപ്പോൾ സമയമില്ല. സ്വന്തം പുരയിടത്തിലെ കൃഷിയും ഓട്ടോ റിക്ഷയും പുല്ലുവെട്ടുമൊക്കെയായി പത്മിനി തിരക്കിലാണ്.



Post a Comment

0 Comments