പട്ടിക്കാട്. കാർഷിക മേഖലയ്ക്കും കുടിവെള്ള വിതരണത്തിനും ഊന്നൽ നൽകി പാണഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണം നടന്നു. 391,807,000 ആകെ വരവും 394,377,000 രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ അവതരിപ്പിച്ചത്. 1 കോടി 50 ലക്ഷം രൂപയാണ് കാർഷിക മേഖലയ്ക്ക് നീക്കിവെച്ചിരിക്കുന്നത്. പശ്ചാത്തല മേഖലയ്ക്ക് 76,027,000 രൂപയും, ഉൽപ്പാദന മേഖലയ്ക്ക് 21,550,000 രൂപയും, സേവന മേഖലയ്ക്ക് 162,632,000 രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 2024 ഓടെ പഞ്ചായത്തിലെ 12,000 വീടുകളിലും കുടിവെള്ളം എത്തിക്കും. ഇതിനായി കേന്ദ്രസംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെ നടപ്പാക്കുന്ന 'ജൽജീവൻ മിഷൻ' പദ്ധതിയുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും. പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിനായി ഹരിത കർമ്മ
സേനയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെറുകിട മാലിന്യ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുകയും ചെയ്യും. ഈ വർഷം 100 വനിതകൾക്ക് വ്യക്തിഗത ഗ്രൂപ്പ് തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ പണം ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. വനിതകളുടെ ആരോഗ്യസംരക്ഷണത്തിനായി ഫിറ്റ്‌നസ് സെൻററുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. സ്ത്രീകളിലെ സ്തനാർബുദ ഗർഭാശയ ക്യാൻസർ കണ്ടെത്തുന്നതിനായി പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. ഡയാലിസിസ് ചെയ്തു വരുന്ന നിർധന രോഗികൾക്ക് സഹായം നൽകാനുള്ള പദ്ധതികളും ബജറ്റിൽ വിഭാവനം ചെയ്യുന്നുണ്ട്. വയോജന ക്ഷേമത്തിന്റെ ഭാഗമായി പകൽവീടുകൾ സ്ഥാപിക്കും. പട്ടികജാതി പട്ടികവർഗ്ഗ കോളനികളുടെയും ഊരുകളുടെയും ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും മുഴുവൻ കോളനികളിലും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുവാനും പദ്ധതി തയ്യാറാക്കുന്നു. ജന്മനാ മാനസിക, ശാരീരിക വൈകല്യങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കുവേണ്ടി പഞ്ചായത്ത് കുടുംബശ്രീയുമായി സഹകരിച്ച് 'ബഡ്‌സ് സ്‌ക്കൂൾ', പൊതുകുളങ്ങളുടെ നവീകരണം, സൗന്ദര്യവൽക്കരണം, അങ്കണവാടികൾക്ക് പോഷകാഹാരം, സർവ്വശിക്ഷ അഭിയാൻ, പാലിയേറ്റീവ് കെയർ, ആശ്രയ പദ്ധതി, ശിശുക്ഷേമം യുവജനക്ഷേമം തുടങ്ങിയവയ്ക്കും ബജറ്റിൽ പ്രത്യേകം കരുതലുണ്ട്.


.jpeg)
0 Comments