ജൂൺ ഒന്നിന് പ്രവേശനോത്സവം; ഒന്നാം ക്ലാസ് അഡ്മിഷൻ ഏപ്രിൽ 27 മുതൽ


സംസ്ഥാനത്ത് വരുന്ന അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിനു നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ഏപ്രിൽ 27ന് ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് തിരുവനന്തപുരത്ത് നടക്കും. കോവിഡ് കാലത്ത് പുറത്തിറക്കിയ 'തിരികെ സ്‌കൂളിലേക്ക്' എന്ന മാർഗരേഖ പാലിച്ചാകും പ്രവേശനോത്സവമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കാലികമായ അറിവുകൾ വിദ്യാർഥികൾക്കു പകർന്നുനൽകാൻ അധ്യാപകരെ പര്യാപ്തരാക്കുംവിധം പ്രത്യേക പരിശീലന പരിപാടി വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കും. മേയ് രണ്ടാമത്തെ ആഴ്ച മുതൽ അവസാനത്തെ ആഴ്ചവരെയാകും പരിശീലനം. ഇതിന്റെ മൊഡ്യൂൾ തയാറാക്കാൻ എസ്.സി.ഇ.ആർ.ടിയുടെ റിസോഴ്‌സ് ഗ്രൂപ്പിൽപ്പെട്ട 150 പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അധ്യാപക പരിശീലനത്തിനുള്ള ക്രമീകരണങ്ങൾക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തും. ഇതിനായുള്ള ഓൺലൈൻ ട്രെയിനിങ് മാനേജ്‌മെന്റ് സിസ്റ്റം കൈറ്റ് തയാറാക്കുന്നുണ്ട്. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ, ഷെഡ്യൂളിങ്, അറ്റൻഡൻസ്, ബാച്ച് തിരിക്കൽ, പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് തയാറാക്കൽ തുടങ്ങിയവയും പരിശീലനത്തിന്റെ ഫീഡ് ബാക്ക് ശേഖരിക്കുന്നതിനുള്ള സൗകര്യവും ഉൾപ്പെടുത്തിയാകും പോർട്ടൽ തയാറാക്കുന്നത്. ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ 1,34,000 അധ്യാപകർക്കാണു പരിശീലനം നൽകുന്നത്. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകർക്കു പ്രത്യേകം പരിശീലനം നൽകും.


Post a Comment

0 Comments