കുതിരാൻ. പഴയ തൃശൂർ പാലക്കാട് ദേശീയപാതയിലേക്ക് പുതിയ പാതയിൽ നിന്നുള്ള റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വഴുക്കുംപാറയിൽ നിന്നും കുതിരാൻ തുരങ്ക മുഖത്തേക്കുള്ള പ്രധാന റോഡിന്റെ നിർമ്മാണത്തിനായി പഴയ ദേശീയപാത മുറിച്ചു മാറ്റിയിരുന്നു. പ്രധാന പാതയിലേക്ക് റോഡ് നിർമ്മിക്കുന്നതിന് ഈ ഭാഗത്തെ പാറക്കെട്ടുകൾ പൊട്ടിച്ചു നീക്കേണ്ടതുണ്ട്. ഇതിനായി തുരങ്കമുഖത്ത് പഴയ പാതയോട് ചേർന്നുള്ള പാറകൾ പൊട്ടിച്ചു നീക്കുന്ന പണികളാണ് ആരംഭിച്ചിട്ടുള്ളത്. പുതിയ റോഡിന്റെ നിർമ്മാണത്തിനായി 100 മീറ്ററോളം ദൂരത്തിൽ പഴയ റോഡിലെ പാറകൾ പൊട്ടിച്ച് നിരപ്പാക്കേണ്ടതുണ്ട്. വഴക്കുംപാറയിൽ നിർമ്മാണം പൂർത്തിയാക്കിട്ടുള്ള സർവീസ് റോഡിലേക്ക് ഈ പാതയെ ബന്ധിപ്പിക്കാൻ സാധിച്ചാൽ കുതിരാൻ ക്ഷേത്രത്തിലേക്കുള്ള ഭക്തജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ഒരു ആശ്വാസമാകും. നിലവിൽ ഇരുമ്പുപാലം നിവാസികൾക്ക് തൃശൂർ ഭാഗത്തേക്ക് പോകണമെങ്കിൽ കിലോമിറ്ററുകൾ ചുറ്റി തുരങ്കത്തിലൂടെ വേണം കടന്നു പോകാൻ. എന്നാൽ പഴയ ദേശീയപാത ഗതാഗതയോഗ്യമാകുന്നതോടെ തൃശൂർ ഭാഗത്തേക്കുള്ള യാത്രകൾ കൂടുതൽ എളുപ്പമാകും എന്ന ആശ്വാസത്തിലാണ് ഇരുമ്പുപാലം നിവാസികൾ.


0 Comments