കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ കോൺക്രീറ്റിംഗ് നടത്താതെ കരാറുകാർ


കണ്ണാറ. കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച പതിനാറാം വാർഡ് കണ്ണാറയിലെ പല റോഡുകളും സഞ്ചാരയോഗ്യം അല്ലാതായെന്ന് വാർഡ് മെമ്പർ രേഷ്മ സജീഷ് പറഞ്ഞു. ജൽജീവൻ മിഷൻ പദ്ധിയുടെ ഭാഗമായാണ് റോഡിന്റെ വശങ്ങൾ വെട്ടിപ്പൊളിച്ചത്. എന്നാൽ പണികൾ പൂർത്തിയാക്കിയതിന് ശേഷം റോഡ് പഴയതുപോലെ സഞ്ചാരയോഗ്യമാക്കണം എന്ന നിർദ്ദേശം കരാറുകാർ മറച്ചുവെക്കുന്നതായി വ്യാപക പരാതിയുണ്ട്. പായക്കണ്ടം ജങ്ഷൻ മുതൽ പൊടിപ്പാറ കനാൽപ്പുറത്തേക്കുള്ള റോഡ് വെട്ടിപ്പൊളിച്ചിട്ട് മാസങ്ങളായി. നിരവധി തവണ അധികൃതരെ വിളിച്ച് വിവരം അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന് മെമ്പർ പറഞ്ഞു. കണ്ണാറ പള്ളിക്ക് മുൻവശത്ത് നിന്നും ഉദയപുരം കോളനിയിലേക്കുള്ള റോഡും ഇതേ അവസ്ഥയിലാണ്. ഇവിടെയാകട്ടെ വീടുകൾ ഉള്ള ഭാഗം മാത്രം കോൺക്രീറ്റിംഗ് നടത്തിയതായും പറയുന്നു. പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നും സമാന പരാതികൾ ഉയർന്നു വരുന്നുണ്ട്. പണികൾ പൂർത്തിയാക്കാതെ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കരാറുകാർക്ക് എതിരെ കർശന നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


Post a Comment

0 Comments