ആത്മഹത്യാ ഭീഷണി മുഴക്കി പാറക്കെട്ടിൽ കയറിയ ആളെ രക്ഷിക്കാൻ ശ്രമിച്ച യുവാക്കൾക്ക് ഗുരുതര പരിക്ക്


പട്ടിക്കാട്. കല്ലിടുക്കിൽ ആത്മഹത്യാ ഭീഷണി മുഴക്കി പാറക്കെട്ടിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്താൻ സഹായിച്ച യുവാക്കൾക്ക് ഗുരുതര പരിക്ക്. അന്യസംസ്ഥാനക്കാരനായ യുവാവിന്റെ ആക്രമണത്തെ തുടർന്നാണ് പരിക്കേറ്റത്. ആംബുലൻസ് ഡ്രൈവർ പൂവൻചിറ കിടച്ചിറ വീട്ടിൽ ജെഫിൻ കുര്യാക്കോസ്, വെള്ളഞ്ചേരി വീട്ടിൽ ഷിബു പി. എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ജെഫിൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ ആണ്. ഇടത് ഭാഗത്തെ കൈയ്യും കാലും ഉയർത്താൻ ശ്രമിക്കുമ്പോൾ തലയിൽ ശക്തമായ വേദനയുള്ളതായും, ശാരീരികമായി വളരെ ക്ഷീണം തോന്നുന്നതായും ജെഫിൻ പറഞ്ഞു. തലയ്ക്ക് പുറകിൽ അടിയേറ്റ ജെഫിൻ ബോധരഹിതനായി വീഴുകയായിരുന്നു. വിദഗ്ദ ചികിത്സക്കായി ഇപ്പോൾ തൃശൂർ സൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊട്ടിച്ച ബിയർ കുപ്പി കൊണ്ടുള്ള ആക്രമണത്തിൽ ഷിബുവിന് കൈക്ക് ഗുരുതരമായി പരിക്കേറ്റു. 40 സ്റ്റിച്ചുകൾ ആണ് കൈയ്യിൽ ഉള്ളത്. കാലിൽ മൂന്നെണ്ണവും. വീട്ടിൽ എത്തിയെങ്കിലും ശക്തമായ വേദനയും ബുദ്ധിമുട്ടും ഉള്ളതായി പറയുന്നു. ടൈൽ സംബന്ധമായ ജോലികൾ ചെയ്യുന്ന ഷിബുവിന്റെ കൈയ്യിലെ പരിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഒരാളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച നിരപരാധികളായ രണ്ട് യുവാക്കളാണ് ഇന്ന് ഗുരുതര പരിക്കുകളോടെ കിടപ്പിലായത്. സമൂഹത്തോടുള്ള കടപ്പാട് മാത്രമാണ് അവർ ചെയ്തത്. എന്നാൽ വലിയ സാമ്പത്തിക ബാധ്യതയിലേക്കാണ് ഇവർ ചെന്നെത്തുന്നത്.  സാധാരണക്കാരായ യുവാക്കൾക്ക് തുടർ ചികിത്സക്ക് ബുദ്ധിമുട്ടുകൾ ഉള്ളതായും സുഹൃത്തുക്കൾ പറഞ്ഞു.


Post a Comment

0 Comments