പട്ടിക്കാട്. ദേശീയപാത നിർമ്മാണത്തോടെ സ്വന്തം കൃഷിയിടത്തിലേക്കുള്ള വഴി നഷ്ടപ്പെട്ട ഒമ്പത് കർഷകർ ദുരിതത്തിലായി. ദേശീയപാത ചുവന്നമണ്ണ് സെന്ററിൽ തൃശൂർ ഭാഗത്തേക്കുള്ള പാതയോരത്തെ കർഷകരാണ് ദേശീയപാത അധികൃതരുടെ വഞ്ചനക്ക് ഇരയായത്. ചുവന്നമണ്ണ് മുതൽ പത്താംകല്ല് വരെയുള്ള തോടിനോട് ചേർന്നാണ് ഇവരുടെ കൃഷിഭൂമി. പ്രദേശത്തെ ഒമ്പത് കർഷകർക്കായി ഒമ്പത് ഏക്കറോളം കൃഷി സ്ഥലം ഇവിടെയുണ്ട്. ഈ കൃഷി സ്ഥലത്തെത്താൻ മൂന്നര മീറ്റർ വീതയിൽ വാഹനങ്ങൾക്ക് പോകാവുന്ന വിധത്തിൽ റോഡും ഇവർക്ക് ഉണ്ടായിരുന്നു. എന്നാൽ സർവ്വീസ് റോഡിന്റെ നിർമ്മാണം വന്നതോടെ റോഡ് ഉൾപ്പെടെയുള്ള സ്ഥലം തോടിനായി വിട്ടുനൽകി. ഇതോടെ കർഷകരുടെ സഞ്ചാരമാർഗ്ഗം നഷ്ടപ്പെടുകയായിരുന്നു. കൃഷിയിടത്തിലേക്ക് പാലം നിർമ്മിച്ചു നൽകാം എന്ന
ഉറപ്പിലാണ് തങ്ങൾ സ്ഥലം വിട്ടുനൽകിയതെന്ന് കർഷകർ പറയുന്നു. എന്നാൽ കമ്പനി അധികൃതരുടെ നേതൃത്വത്തിൽ വലിയ പൈപ്പുകൾ തോട്ടിൽ കൊണ്ടുവന്നിട്ട് കൃഷിയിടത്തിലേക്ക് മൺപാത നിർമ്മിക്കുകയായിരുന്നു. അതാകട്ടെ കഴിഞ്ഞ പ്രളയത്തിൽ കുത്തിയൊലിച്ച് പോവുകയും ചെയ്തു. നിലവിൽ രണ്ട് പൈപ്പുകൾ മാത്രമാണ് ഇവിടെ ശേഷിക്കുന്നത്. കൃഷിയിടത്തിലേക്ക് ആവശ്യമായ വളങ്ങളോ മറ്റോ കൊണ്ടു പോകുന്നതിനോ, കൃഷിഫലങ്ങൾ പുറത്തെത്തിക്കുന്നതിനോ നിവൃത്തിയില്ലാതെ വലയുകയാണ് ഇവരിപ്പോൾ. മാത്രമല്ല തോട്ടിൽ പലയിടത്തും വശങ്ങൾ ഇടിഞ്ഞും വീതികുറവ് മൂലവും ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വേസ്റ്റുകൾ ഇട്ടും തടസ്സങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതുമൂലം മഴക്കാലത്ത് ഇവരുടെ കൃഷിയിടം ഉൾപ്പെടെയുള്ള ഭാഗങ്ങൾ വെള്ളക്കെട്ടിലുമാണ്. ഇതോടെ കൃഷികളും നശിക്കാൻ തുടങ്ങി. കൃഷിയിടത്തിലേക്ക് സഞ്ചാരമാർഗ്ഗം പുനർനിർമ്മിക്കുക, തോട്ടിലെ മാലിന്യങ്ങൾ നീക്കി സംരക്ഷണ ഭിത്തി നിർമ്മിച്ച് വെള്ളക്കെട്ട് ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും കർഷകർ ഉന്നയിക്കുന്നത്. സംയുക്ത വകുപ്പുകളുടെ നേതൃത്വത്തിൽ ദേശീയപാതയിൽ പരിശോധന നടത്തിയപ്പോഴും പ്രശ്‌നം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. തഹസീൽദാർ വഴി കളക്ടർക്ക് പരാതി നൽകിയിട്ടുള്ളതായും പ്രദേശത്തെ കർഷകനായ ഷാജി നെല്ലിക്കൽ പറഞ്ഞു. എത്രയും വേഗം പാലം നിർമ്മിച്ച് കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് പ്രദേശത്തെ കർഷകരായ രജെൻ, ഷാജി, കൃഷ്ണൻ, ബേബി, യശോദ , രാഘവൻ്, മറിയക്കുട്ടി, പ്രജിത്ത് ബേബി, ഔസേഫ് പൈലി എന്നിവർ ആവശ്യപ്പെട്ടു.



0 Comments