പട്ടിക്കാട്. കനത്ത മഴയിൽ ചാണോത്ത് ഓഷോ ഫാമിന് സമീപം വീടിന്റെ മേൽക്കൂരയടക്കം തകർന്നു. ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. പുതുതറവാട്ടിൽ ഗോപി സുജിത ദമ്പതികളുടെ ഓടുമേഞ്ഞ പുരയിടം ആണ് തകർന്നത്. മേൽക്കൂര ഒടിഞ്ഞ് വീഴുന്ന ശബ്ദം കേട്ട് ദമ്പതികൾ വീടിന് പുറത്തേക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു. സിമന്റ് ഇഷ്ടിക കൊണ്ട് നിർമ്മിച്ച് വീടിന്റെ ചുമരുകൾക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. പലസ്ഥലത്തും വലിയ വിള്ളലുകൾ വീണിട്ടുണ്ട്. അടുത്ത മഴയിൽ വീട് പൂർണമായും നിലം പൊത്തിയേക്കാം എന്ന ഭയത്തിലാണ് ഇവർ. കൂലിവേല ചെയ്താണ് ജീവിതം മുന്നോട്ട് നീക്കുന്നത്. രണ്ട് പെൺകുട്ടികളുടെ വിവാഹം നടത്തി. വീടിന്റെ പണികൾ നടത്താൻ വേണ്ട സാമ്പത്തിക ശേഷിയില്ലാതെ ബുദ്ധിമുട്ടുകയാണ് ദമ്പതികൾ. ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും പേര് വന്നിട്ടില്ലന്നും ഇവർ പറഞ്ഞു.


0 Comments