തിരുവനന്തപുരം. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിയ്ക്കാനുളള ഓർഡിനൻസിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചത് അഴിമതിയ്ക്കും പിൻവാതിൽ നിയമനങ്ങൾക്കും നിയമപരിരക്ഷ ഉറപ്പാക്കാനാണെന്ന് ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സാങ്കേതിക തസ്തികകളിലെ നിയമനങ്ങൾ പിഎസ്‌സി യ്ക്ക് വിടുന്നതിനു പകരം കേരള പബ്ലിക് എന്റർെ്രെപസസ്സ് സെലക്ഷൻ ആന്റ് റിക്രൂട്ട്‌മെന്റ ബോർഡ് സ്ഥാപിയ്ക്കുന്നത് സ്വന്തം പാർട്ടി ബന്ധുക്കൾക്ക് വേണ്ടി മാത്രമാണ്. ഉയർന്ന ശമ്പള സ്‌കെയിൽ തസ്തികകളിൽ സംവരണ തത്വങ്ങൾ പാലിയ്ക്കാതെ നിയമനങ്ങൾ നടത്തുന്നതിനുള്ള നീക്കമാണ് ഗവൺമെന്റ് ഓർഡിനൻസിലൂടെ ചെയ്യുന്നതെന്നും ആർ.വൈ.എഫ് കുറ്റപ്പെടുത്തി. കേരളത്തിൽ നിലവിൽ ഉയർന്ന ഹോണറേറിയവും പെൻഷനടക്കമുള്ള ആനുകൂല്യങ്ങളോടെ ഇരുപതിലധികം പി.എസ്.സി മെമ്പർമാർ ഉള്ളപ്പോൾ പുതിയ റിക്രൂട്ട്‌മെന്റ് ബോർഡ് സ്ഥാപിച്ച് ബോർഡംഗങ്ങളെ നിയമിക്കുന്നത് സർക്കാരിന്റെ സാമ്പത്തിക ദുർവ്യയമാണ് എന്നും പി.എസ്.സി യെ നോക്കുകുത്തിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നും ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, സെക്രട്ടറി അഡ്വ വിഷ്ണു മോഹൻ, തൃശൂർ ജില്ല സെക്രട്ടറി വിഷ്ണു രവീന്ദ്രൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.


0 Comments