പട്ടിക്കാട്. കെപിസിസി നിർദ്ദേശം ലംഘിച്ചു പീച്ചി സഹകരണ ബാങ്ക് സെക്രട്ടറിയെ പുറത്താക്കി. ഇതേതുടർന്ന് ബാങ്ക് ഭരണസമിതിക്കെതിരെ പാർട്ടി നടപടി ആവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റിനു കത്തു നൽകി. മണ്ഡലം പ്രസിഡന്റുമാരും 3 പഞ്ചായത്തംഗങ്ങളും 30 ഭാരവാഹികളുമാണു കെപിസിസിക്കു കത്തയച്ചത്. ഭരണസമിതിയോടു മര്യാദാപൂർവം പെരുമാറിയില്ലെന്നു ചൂണ്ടിക്കാട്ടി 20 മാസം മുൻപു ബാങ്ക് സെക്രട്ടറി എം.ജെ. ഐസക്കിനെ സസ്‌പെൻഡ് ചെയ്തിരുന്നു. സെക്രട്ടറിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു കെപിസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ മാർച്ച് 7 നു ഡിസിസി മുഖേന കത്തു നൽകിയിരുന്നു. എന്നാൽ കെപിസിസി നിർദ്ദേശം തള്ളി സെക്രട്ടറിയെ ഭരണസമിതി യോഗം ഭൂരിപക്ഷപ്രകാരം പുറത്താക്കി. നേരത്തെ സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്ത ശേഷം മണ്ഡലം ബ്ലോക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റികളും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഹകരണ വേദിയും വിഷയത്തിലിടപെട്ടു ചർച്ച നടത്തുകയും സെക്രട്ടറിയെ തിരികെ പ്രവേശിപ്പിക്കുന്നതിനു നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.


0 Comments