തൃശൂർ. സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 18 മുതൽ 24 വരെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിക്കുന്ന മെഗാ എക്‌സിബിഷന്റെ പ്രചരണാർത്ഥം തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വീഡിയോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. 'ഗ്രാമീണടൂറിസം കാഴ്ചകൾ' എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മികച്ച കലാസൃഷ്ടിയ്ക്ക് ക്യാഷ് പ്രൈസുകൾ നൽകും. വിജയികൾക്ക് ഏപ്രിൽ 24ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്‌സിബിഷൻ സമാപനവേദിയിൽ വെച്ച് സമ്മാനം വിതരണം ചെയ്യും. വീഡിയോകൾ പ്രൊഫഷണൽ ക്യാമറകൾ ഉപയോഗിച്ചോ മൊബൈലിലോ ഷൂട്ട് ചെയ്യാം. സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തിൽ ലളിതവും കൗതുകം നിറഞ്ഞതുമാകണം സൃഷ്ടി. വീഡിയോയുടെ പരമാവധി ദൈർഘ്യം ഒരു മിനിറ്റ് മുതൽ ഒന്നര മിനിറ്റ് വരെയാണ്. ക്രെഡിറ്റ്‌സ്, ലഘുവിവരണം എന്നിവ ചേർത്ത് ഫുൾ എച്ച് ഡി, എംപി 4 ഫോർമാറ്റിൽ വേണം സൃഷ്ടികൾ അയക്കാൻ. വീഡിയോകൾ അയ്യന്തോൾ സിവിൽ സ്‌റ്റേഷനിലുള്ള ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ diothrissur@gmail.com എന്ന ഇമെയിലിലേക്ക് വിട്രാൻസ്ഫർ (wetransfer) മുഖേനയോ ഏപ്രിൽ 16ന് വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി ലഭിച്ചിരിക്കണം. ഫോൺ: 04872360644


0 Comments