നിന്നുകുഴിയിലെ പന്നിഫാമുകളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉത്തരവ്


തൃശ്ശൂർ. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ നിന്നുകുഴിയിൽ സ്വകാര്യവ്യക്തികൾ നടത്തിവരുന്ന പന്നി ഫാമുകളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിർദ്ദേശം നൽകി. ഫാമുകളുടെ പ്രവർത്തനം പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നു എന്ന് പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി. ഫാമുകളുടെ മലിനജല നിർമ്മാർജന സംവിധാനമായ സോക്ക്പിറ്റിൽ നിന്നും മലിനജലം പുറത്തേക്കൊഴുകി പ്രദേശത്തെ നീർച്ചാലുകൾ മലിനപ്പെടുത്തുന്നതായി പരിശോധന സംഘത്തിന് ബോധ്യപ്പെട്ടിരുന്നു. ഫാമുകൾക്ക് പ്രവർത്തനാനുമതി നൽകുന്നതിനുള്ള വിവിധ നിബന്ധനകൾ ഫാം ഉടമകൾ ലംഘിച്ചതായും ഉത്തരവിൽ പറയുന്നു.ഏഴുദിവസത്തിനകം പ്രവർത്തനം നിർത്തിവച്ചതായി രേഖാമൂലം അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് എൻവയോൺമെൻറ്  എൻജിനീയർ ഫാം ഉടമകൾക്ക് കത്ത് നൽകിയിരിക്കുന്നത്. തുടർനടപടികൾക്കായി പഞ്ചായത്ത് സെക്രട്ടറിക്കും കത്തുകളുടെ പകർപ്പ് നൽകിയിട്ടുണ്ട്. നിന്നുകുഴി പ്രദേശത്തുനിന്ന് വരുന്ന അഞ്ച് നീർച്ചാലുകൾ പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ എത്തുകയും അവിടെ നിന്ന് കല്ലായിച്ചിറ തോട് വഴി മണലിപ്പുഴയിൽ ചെന്ന് ചേരുകയുമാണ്. നീർച്ചാലുകളിൽ ഫാമുകളിൽ നിന്നുള്ള മലിനജലം എത്തുന്നത് മണലിപ്പുഴയിൽ വരെ മലിനീകരണത്തിന് ഇടയാക്കുന്ന തായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റെജി വി മാത്യു പറഞ്ഞു.



Post a Comment

0 Comments